മഞ്ഞള്ളൂർ നെൽവയൽ നികത്തൽ: പരിശോധിക്കാൻ പ്രത്യേക സംഘം

കൊച്ചി: മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജിൽ അനധികൃതമായി നെൽവയൽ നികത്തിയതു സംബന്ധിച്ച് പരിശോധിക്കാൻ പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ച് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ഈ മാസം 19, 20 തീയതികളിൽ മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജ് സ്ഥലം നേരിൽ സന്ദർശിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ജോയന്‍റ്​ സെക്രട്ടറി ജെ. ബിജു, സെക്​ഷൻ ഓഫിസർ എസ്. അഭിലാഷ്, അസിസ്റ്റൻറ് സെക്​ഷൻ ഓഫിസർ വിനു വി. ഗോപാൽ എന്നിവരെ നിയോഗിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലകിന്‍റെ ഉത്തരവ്. പരിശോധന വേളയിൽ സംഘത്തെ സഹായിക്കാൻ ലാൻഡ് റവന്യൂ കമീഷണറേറ്റിലെ പരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥനെ വിട്ടുനൽകും. സ്ഥലപരിശോധന നടത്തുന്നതിന് ഈ തീയതികളിൽ എറണാകുളം കലക്ടറേറ്റിലെ വാഹനവും വിട്ടുനൽകാൻ കലക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. മഞ്ഞള്ളൂർ വില്ലേജിൽ സർവേ 131/6ൽ തുടങ്ങുന്ന നമ്പറുകളിലടങ്ങുന്ന പാടശേഖരം, ഉദ്യോഗസ്ഥരിൽനിന്ന്​ അവിഹിതമായി തെറ്റായ റിപ്പോർട്ടുകൾ സമ്പാദിച്ച്​ നിലം പരിവർത്തനം നടത്തി എന്നായിരുന്നു പരാതി. 2022 ജനുവരി 29ന് ഇ.കെ. സുരേഷാണ് റവന്യൂവകുപ്പിന് പരാതി നൽകിയത്. നിലം നികത്തൽ നടപടികൾ നിയമവിധേയമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 2014-15 കാലത്ത് നെൽകൃഷി നടത്തിയതിന് സബ്സിഡി നൽകിയ പാടശേഖരമാണ് നികത്തിയതെന്നും ആരോപിച്ചു. മഞ്ഞള്ളൂർ വില്ലേജ് ജീവനേക്കാർ, കൃഷി ഓഫിസർ, സ്ഥലപരിശോധന നടത്തിയ ഡെപ്യൂട്ടി കലക്ടർ എന്നിവർ പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ചതെന്നും അതിനാൽ, അനുമതി നൽകിയത് റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയമായ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താൻ രണ്ടിന് ഉത്തരവിട്ടിരുന്നു. അതിന്‍റെ തുടച്ചയായിട്ടാണ് പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ച് ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.