ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില; നടപടിക്കൊരുങ്ങി ജില്ല ഭരണകൂടം

കൊച്ചി: വരുന്ന ഉത്സവസീസണുകള്‍ പ്രമാണിച്ച് അമിതവില ഈടാക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ജാഫര്‍ മാലിക് നിർദേശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. അവധിക്കാലമായതിനാലും വിഷു, ഈസ്റ്റര്‍, റമദാന്‍ കാലമായതിനാൽ കച്ചവട സ്ഥാപനങ്ങള്‍ അമിതവില ഈടാക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടി. ജില്ലയിലെ പ്രധാന ചന്തകള്‍, ഹോട്ടലുകള്‍, പ്രദര്‍ശന-വിപണന മേളകള്‍, മൊത്തവ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തും. ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. പട്ടികയില്‍ കാണിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും. താലൂക്കുതലത്തില്‍ പ്രത്യേക സ്ക്വാഡ്​ രൂപവത്​കരിച്ചാണ് പരിശോധനകള്‍ നടത്തുക. താലൂക്ക് സപ്ലൈ ഓഫിസറോടൊപ്പം ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രോളജി, റവന്യൂ തുടങ്ങിയ വകുപ്പു പ്രതിനിധികളും സ്ക്വാഡിലുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷയും ഉറപ്പാക്കും. ഭക്ഷണത്തിന്റെ ശുചിത്വ നിലവാരവും ഇതോടൊപ്പം പരിശോധിക്കും. വിലവിവരപ്പട്ടികയില്‍ കാണിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ വില കച്ചവട സ്ഥാപനങ്ങള്‍ ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കാം. സ്ഥാപനങ്ങള്‍ നല്‍കിയ ബില്‍ സഹിതം പരാതി സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.