കോതമംഗലം: വ്യവസായ പാർക്കിന് പ്രാഥമിക നടപടിക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് പഞ്ചായത്ത് സബ് കമ്മിറ്റി നിർദേശം. നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മേതലയിൽ വ്യവസായ പാർക്ക് ആരംഭിക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിൽ നിയോഗിച്ച സബ് കമ്മിറ്റിയാണ് പ്രാഥമിക നടപടിക്ക് നൽകിയ അനുമതി റദ്ദാക്കണമെന്ന് ശിപാർശ ചെയ്തത്. പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിക്ക് കണ്ടെത്തിയ സർക്കാർ ഭൂമിക്ക് സമീപത്തെ പ്രദേശത്ത് വ്യവസായ പാർക്ക് ആരംഭിക്കാൻ ഡെവലപ്മെന്റ് പെർമിറ്റ് നൽകിയ നടപടി അന്വേഷിക്കാൻ സ്ഥിരം സമിതി ചെയർമാനെയും വിവിധ രാഷ്ട്രീയ കക്ഷികളിൽപെട്ട നാല് മെംബർമാരെയും ഉൾപ്പെടുത്തി സബ് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സബ് കമ്മിറ്റി ചട്ടവിരുദ്ധമായി നൽകിയ പെർമിറ്റ് റദ്ദുചെയ്യാനും നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചു. 34 ഏക്കറിനോട് ചേർന്ന സർക്കാർ പാട്ടമായ ആറ് ഏക്കറോളം ഭൂമി റവന്യൂ വകുപ്പിനോട് അളന്ന് തിട്ടപ്പെടുത്താൻ കത്ത് നൽകാനും ആവശ്യപ്പെട്ടു. വ്യവസായ പാർക്ക് ആരംഭിച്ചുകഴിഞ്ഞാൽ റവന്യൂ പുറമ്പോക്കിലേക്ക് പ്രവേശനം സാധ്യമല്ലാത്ത വിധമാണ് ഈ ഭൂമിയുടെ കിടപ്പ്. ഉദ്യോഗസ്ഥരെ പഴിചാരി ഭൂമി വിട്ടുനൽകുന്നതിൽനിന്ന് പിന്മാറാനുള്ള നീക്കമാണ് രാഷ്ട്രീയനേതൃത്വം സ്വീകരിച്ചുവരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടിയന്തര പഞ്ചായത്ത് കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ, അടിയന്തര കമ്മിറ്റി വിളിച്ചുചേർക്കാതെ പഞ്ചായത്ത് പ്രസിഡന്റ് ഭൂമാഫിയായ വ്യവസായികൾക്ക് വിവാദ പ്രദേശം തരംമാറ്റാനുള്ള അവസരം നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടികൾ പ്രതിഫലംപറ്റി ഇത്തരം നടപടിക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നും അനധികൃത പെർമിറ്റ് നൽകിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്യണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.