പുളിന്താനം സെന്‍റ്​ ജോൺസ് പള്ളി: വ്യാജ സഭാ ഭരണഘടന സമർപ്പിച്ചെന്ന കേസ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: പുളിന്താനം സെന്‍റ്​ ജോൺസ് പള്ളി തർക്കവുമായി ബന്ധപ്പെട്ട്​ വ്യാജ സഭാ ഭരണഘടന സമർപ്പിച്ചെന്ന കേസ്​ ഹൈകോടതി റദ്ദാക്കി. പള്ളിത്തർക്കത്തിന്‍റെ ഭാഗമായി​ ഓർത്തഡോക്‌സ് വിഭാഗം മൂവാറ്റുപുഴ സബ് കോടതിയിൽ സമർപ്പിച്ച 1934ലെ സഭാ ഭരണഘടന വ്യാജമാണെന്ന കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഒന്നും രണ്ടും പ്രതികളും മൂവാറ്റുപുഴ സ്വദേശികളുമായ എം.എസ്. പൗലോസ്, കെ.സി. ഐപ് എന്നിവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍റെ ഉത്തരവ്​. പ്രതികൾ വ്യാജമായ ഭരണഘടനയാണ് ഹാജരാക്കിയതെന്ന്​ ആരോപിച്ച് യാക്കോബായ സഭാംഗം മിഖായേൽ റമ്പാൻ നൽകിയ സ്വകാര്യ അന്യായത്തെ തുടർന്ന്​ മജിസ്ട്രേറ്റ്​ കോടതി നിർദേശപ്രകാരം മൂവാറ്റപുഴ പൊലീസ്​ രജിസ്റ്റർ ​ചെയ്ത കേസാണിത്​. എറണാകുളം ജില്ല കോടതിയിലെ കേസ് രേഖയിൽനിന്നുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് ഹാജരാക്കിയതെന്നും രേഖകൾ ഉണ്ടാക്കിയത് ഹരജിക്കാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, വ്യാജരേഖ ചമച്ചെന്ന കുറ്റം നിലനിൽക്കില്ല. ഇതേ രൂപത്തിലുള്ള 1934 ലെ ഭരണഘടനയുടെ സാധുത സുപ്രീം കോടതി അംഗീകരിക്കുകയും മലങ്കര സഭയിലെ പള്ളികൾ അതുപ്രകാരം ഭരിക്കപ്പെടണമെന്ന്​ നിർദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനാൽ വ്യാജമെന്ന വാദം ഉന്നയിക്കാനാവില്ല. തിരിമറി കാട്ടിയെന്ന ആരോപണം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. സമാന ആരോപണങ്ങളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നൽകിയിട്ടുണ്ട്. സുപ്രീം കോടതി പരാമർശങ്ങളെത്തുടർന്ന് പല കേസിലും അന്വേഷണം അവസാനിപ്പിച്ചു. വീണ്ടും അതേ ആരോപണങ്ങൾ ഉന്നയിക്കുന്നത് അനാവശ്യമാണെന്ന്​ വിലയിരുത്തിയ കോടതി മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.