പ്രാദേശിക ചലച്ചിത്ര മേളക്ക് ഇന്ന് തിരശ്ശീല

കൊച്ചി: മനുഷ്യന്റെ അതിജീവനക്കാഴ്ചകളുമായി അഞ്ച് ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളക്ക്​ ചൊവ്വാഴ്ച കൊച്ചിയിൽ തിരശ്ശീല വീഴും. ബംഗ്ലാദേശ്, അസർബൈജാൻ, ഇറാൻ, മ്യാന്മർ, തുർക്കി, ഫ്രാൻസ് തുടങ്ങി 20ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രക്കാഴ്ചകൾക്കാണ് ചൊവ്വാഴ്ച സമാപനമാകുന്നത്. കോവിഡ് വെല്ലുവിളികൾക്കുശേഷം അധികം നിയന്ത്രണങ്ങളില്ലാതെ നടത്തിയ ചലച്ചിത്രോത്സവം കൊച്ചിയിൽ ആഘോഷ രാവുകളാണ് തീർത്തത്. മത്സര വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിത സംവിധായകരായിരുന്നു. ലോകത്തിന്റെ സൗന്ദര്യവും സംഘർഷവും ആവിഷ്കരിക്കുന്ന 28 വൈവിധ്യകാഴ്ചകളിൽ ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായ ബ്രൈറ്റൻ ഫോർത്ത്, അഹെഡ്‌സ് നീ, ബ്രദേർസ് കീപ്പർ,ഹൈവ് തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രേക്ഷക പ്രീതി നേടി. രണ്ടു തവണ ഓസ്കർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ അസ്‌ഗർ ഫർഹാദിയുടെ എ ഹീറോ എന്ന ചിത്രത്തെയും നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ ഏറ്റെടുത്തു. പോരാട്ടങ്ങളുടെ കഥ പറഞ്ഞ് അവസാനദിനം 14 ചിത്രങ്ങൾ അവസാന ദിനമായ ചൊവ്വാഴ്ച പ്രദർശനത്തിനെത്തുന്നത് പോരാട്ടങ്ങളുടെ കഥപറയുന്ന 14 ചിത്രങ്ങൾ. അഫ്ഗാൻ ചിത്രം ഹവ മറിയം ആയിഷ, യൂറോപ്യൻ ചിത്രം ഹൈവ്, ജോർജിയൻ ചിത്രം ബ്രൈറ്റൻ ഫോർത്ത് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 14 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സഹ്‌റ കരിമി സംവിധാനം ചെയ്ത ഹവ മറിയം ആയിഷ വിവിധ പശ്ചാത്തലത്തിൽനിന്നും വരുന്ന മൂന്ന് ഗർഭിണികളുടെ ജീവിതം അവതരിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ 2.45ന് സവിത തിയറ്ററിൽ ഫ്രെമിങ് കോൺഫ്ലിക്റ്റ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.