മെഡിക്കൽ കോളജ് റോഡിൽ യാത്രദുരിതം

കളമശ്ശേരി: ഗ്യാസ് ലൈൻ കടത്തിവിടാൻ കുഴിയെടുത്ത റോഡ് പൂർവസ്ഥിതിയിലാക്കാത്തതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിൽ. രോഗികളുമായി ആംബുലൻസ് അടക്കം വാഹനങ്ങൾ കടന്നുപോകുന്ന കിൻഫ്ര മെഡിക്കൽ കോളജ് റോഡിൽ നഗരസഭ ബസ്​ സ്റ്റാൻഡിന് സമീപത്താണ് ഈ ദുരവസ്ഥ. മൂന്നുമാസം മുമ്പാണ് ഗ്യാസ് പൈപ്പ് സ്ഥാപിക്കാൻ റോഡിന്‍റെ ഒരുഭാഗത്ത് കുഴിയെടുത്തത്. കട്ടവിരിച്ചിരുന്ന റോഡിൽ പൈപ്പ് സ്ഥാപിച്ച് കുഴി മൂടിയെങ്കിലും റോഡ് പഴയ നിലയിലേക്ക് സ്ഥാപിക്കാൻ അധികൃതർ തയാറായില്ല. തകർന്ന റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥയാണ്​. കുഴിയെടുത്തതോടെ രൂക്ഷമായ പൊടിശല്യമാണ് പ്രദേശത്ത്. റോഡിൽ നാലുവരി പാതയുള്ള ഭാഗത്ത് ഇരുവരിയിലൂടെയാണ് വാഹനങ്ങൾ ഇരുഭാഗത്തേക്കും കടത്തിവിട്ട് വരുന്നത്. ഇതിപ്പോഴും തുടരുകയാണ്. ആലുവ, കോമ്പാറ ഭാഗങ്ങളിലേക്കും അവിടെനിന്ന്​ എറണാകുളം ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. കൂടാതെ കിൻഫ്രയിലേക്കും മെഡിക്കൽ കോളജിലേക്കുമുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും കടന്നുപോകുന്ന റോഡുമാണ്. പലസമയത്തും ഗതാഗത തടസ്സങ്ങളും നേരിടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.