ബാങ്ക് ശിലാസ്ഥാപന വേദിയിൽ മലിനീകരണ പ്ലാന്‍റ് സംബന്ധിച്ച് വാഗ്വാദം

കടുങ്ങല്ലൂർ: . മുപ്പത്തടം സഹകരണ ബാങ്ക് കെട്ടിട നിർമാണ ശിലാസ്ഥാപന വേദിയിലാണ് മന്ത്രിയും ബാങ്ക് പ്രസിഡന്‍റും ഡയറക്ടറും കോൺഗ്രസ് നേതാവും തമ്മിലെ വാഗ്വാദം. എടയാർ വ്യവസായ മേഖലയിൽ, സ്ഥലം എം.എൽ.എകൂടിയായ വ്യവസായമന്ത്രി പി. രാജീവ് മുൻകൈയെടുത്ത് സ്ഥാപിക്കുന്ന പ്ലാന്‍റുമായി ബന്ധപ്പെട്ടായിരുന്നു വാക്​പോര്. പ്ലാന്‍റ് ആരംഭിക്കാൻ തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടി സർക്കാറാണെന്ന് മന്ത്രി പറഞ്ഞു. എതിർപ്പിന് അടിസ്ഥാനമില്ലെന്നും അറവുമാലിന്യം, പ്ലാസ്‌റ്റിക് മാലിന്യം എന്നിവ ഇവിടെനിന്ന് ഒഴിവാക്കിയെന്നും കെട്ടിടാവശിഷ്ടങ്ങൾ മാത്രമാണ് സംസ്കരിക്കുകയെന്നും മന്ത്രി അറിയിച്ചു. സംസ്കരണ പ്ലാന്‍റ് ഒരു വികസനപദ്ധതിയാണെന്നും അതിനെ തുരങ്കം വെക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ബാങ്ക് പ്രസിഡന്‍റ് വി.എം. ശശിയും അഭിപ്രായപ്പെട്ടു. ശിലാസ്ഥാപനം കഴിഞ്ഞ് മന്ത്രി പോയെങ്കിലും, ആശംസപ്രസംഗകനായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് വി.കെ. ഷാനവാസ് ഇതിനെതിരെ രംഗത്തുവരുകയായിരുന്നു. പഞ്ചായത്തിന് ശ്മശാനത്തിന് ഭൂമി അനുവദിച്ചുനൽകിയ സർക്കാർ ഉത്തരവിലാണ്, ബാക്കി ഭൂമിയിൽ മാലിന്യപ്ലാന്‍റിന് അനുമതി നൽകണമെന്ന് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ അസോസിയേഷന്‍റെ കോമൺ എഫ്ലുവന്‍റ് പ്ലാന്‍റാണ് അന്ന് വിഭാവനം ചെയ്തത്. എന്നാൽ, ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി നടപ്പായില്ല. ഇന്ന് വ്യക്തിക്ക് 100 രൂപ നിരക്കിൽ 30 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് ഇട്ടതിന്‍റെ വെളിച്ചത്തിലാണ് മാലിന്യപ്ലാന്‍റ് വരുന്നതെന്നും ജനവാസ മേഖലയിൽനിന്ന്​ മാറ്റി സ്ഥാപിക്കണമെന്നും ഷാനവാസ് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങിൽ നന്ദി പറഞ്ഞ ബാങ്ക് ഡയറക്ടർ ശിവശങ്കരൻ ഷാനവാസിന്‍റെ പ്രസംഗത്തെ എതിർത്ത് രംഗത്തുവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.