നവീകരിച്ച മൂന്ന് റോഡിന്‍റെ ഉദ്ഘാടനം നാളെ

കൊച്ചി: ജില്ലയിൽ പുതുതായി നവീകരിച്ച മൂന്ന് റോഡ്​ വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കുന്നുകര-വയൽക്കര റോഡ്, വൈപ്പിൻ-പള്ളിപ്പുറം റോഡ്, മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി റോഡ് എന്നിവയാണ് ഉദ്ഘാടനത്തിന് സജ്ജമായത്. കുന്നുകര-വയൽക്കര റോഡ് കളമശ്ശേരി നിയോജക മണ്ഡലത്തിലെ പ്രധാന പാതകളിൽ ഒന്നാണ് കുന്നുകര-വയൽക്കര റോഡ്. തടിക്കക്കടവ്-മാഞ്ഞാലി റോഡിലെ കുന്നുകര ജങ്​ഷനിൽനിന്ന് ആരംഭിച്ച് വയൽക്കര ജങ്കാർ ജെട്ടിയിൽ അവസാനിക്കുന്ന റോഡിന് 2.020 കി.മീ. നീളമുണ്ട്. റോഡിന്റെ ഉപരിതലം കാലപ്പഴക്കംകൊണ്ടും കാലവർഷക്കെടുതിയും മൂലം തകർന്നു കിടക്കുകയായിരുന്നു. 2018ൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്തു. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണത്തിന് 1.38 കോടി രൂപ അനുവദിച്ചത്. വൈപ്പിൻ-പള്ളിപ്പുറം റോഡ് ജില്ലയിലെ സുപ്രധാന സംസ്ഥാനപാതയാണ് വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള വൈപ്പിൻ-പള്ളിപ്പുറം റോഡ്. ഈ റോഡ് വൈപ്പിൻ ജെട്ടിയിൽനിന്ന് ആരംഭിച്ച് 25.50 കി.മീ. നീളത്തിൽ മുനമ്പം ജെട്ടിയിൽ അവസാനിക്കുന്നു. ഞാറക്കൽ നിരത്ത് വിഭാഗത്തിന്റെ കീഴിലെ റോഡ്, പുതിയ കാലം പുതിയ നിർമാണം എന്ന ആശയം ഉൾക്കൊണ്ട് ബി.എം ബി.സി നിലവാരത്തിലാണ് നവീകരിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾ കൂടുതലായി ആശ്രയിക്കുന്ന ഈ റോഡ് എടവനക്കാട്, മുനമ്പം, കുഴുപ്പിള്ളി, ചെറായി ബീച്ചുകളിലേക്കുള്ള ലിങ്ക് റോഡുകളെയും ബന്ധിപ്പിക്കുന്നു. 20 കോടി ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. നിലവിൽ ഈ റോഡിൽ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ച മൂന്ന് കലുങ്കുകളുടെ പുനർനിർമാണവും ഏകദേശം ഏഴ് കി.മീ. നീളത്തിൽ റോഡിന്റെ വീതി കൂട്ടി പൂർണമായും ബി.എം ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടുണ്ട്. മഞ്ഞപ്പെട്ടി-പോഞ്ഞാശ്ശേരി റോഡ് പെരുമ്പാവൂർ-ആലുവ റോഡിലെ മഞ്ഞപ്പെട്ടിയിൽനിന്ന് ആരംഭിച്ച് സൗത്ത് വാഴക്കുളം, വള്ളത്തോൾ വായനശാല, തൈക്കാവ്-ചേലക്കുളം സ്കൂൾ വഴി ആലുവ-മൂന്നാർ റോഡിലെ പോഞ്ഞാശ്ശേരിയിൽ അവസാനിക്കുന്ന ഈ റോഡ് സ്റ്റേറ്റ് ഹൈവേ ആയ ആലുവ-മൂന്നാർ റോഡിനെയും പെരുമ്പാവൂർ-ആലുവ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു. പ്രധാന ജില്ല റോഡുകളുടെ ഇനത്തിൽ ഉൾപ്പെടുന്ന ഈ റോഡിന്റെ ആകെ നീളം 4.48 കി.മീ. ആണ്. പ്രധാനമായും മഞ്ഞപ്പെട്ടി മുതൽ തുറ പാലം വരെയുള്ള 2.75 കി.മീ. ദൂരം 5.50 മീറ്റർ വീതിയിൽ റോഡിന്റെ ഉപരിതലം ബി.എം ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയും റോഡിൽനിന്നുള്ള മഴവെള്ളം ഒഴുക്കിക്കളയുന്നതിന് ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് കാന, കലുങ്കുകൾ എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.