-കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം മട്ടാഞ്ചേരി: സിവിൽ സപ്ലൈസ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നശിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സൗജന്യ റേഷൻ കിറ്റ് വിതരണ പാക്കിങ്ങിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ സൂക്ഷിപ്പ് കേന്ദ്രത്തിൽനിന്ന് നീക്കം ചെയ്തു. അവധി ദിവസമായ ഞായറാഴ്ച രാത്രിയുടെ മറവിൽ രഹസ്യമായാണ് ഇവ നീക്കിയത്. മട്ടാഞ്ചേരി പാലസ് റോഡിലെ സാമുദ്രി സദൻ (ബാങ്ക് ഹൗസ് ) ഹാളിലും അടുത്തുള്ള സംഭരണകേന്ദ്രത്തിലുമാണ് ഭക്ഷ്യവസ്തുക്കൾ നശിച്ചത്. ഇവ കെട്ടിക്കിടന്ന് നശിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരുകയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്ത പശ്ചാത്തലത്തിലാണ് രഹസ്യമായ നീക്കംചെയ്യൽ. മേലുദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് മാറ്റുന്നതെന്ന് സംഭരണ കേന്ദ്രത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, നീക്കം ചെയ്യുന്ന ഉൽപന്നങ്ങൾ എന്ത് ചെയ്യുമെന്നത് തങ്ങൾക്ക് അറിയില്ലെന്നും ഇവർ വ്യക്തമാക്കി. ഇത് കുഴിച്ചുമൂടാനാണ് സാധ്യത. പാവങ്ങൾക്ക് ലഭിക്കേണ്ട കിറ്റ് ഉൽപന്നങ്ങൾ നശിക്കാൻ ഇടയാക്കിയതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ ഉൽപന്നങ്ങൾ നീക്കം ചെയ്ത് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഉൽപന്നങ്ങൾ നശിക്കുന്ന സ്ഥിതിക്ക് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 2021 ആഗസ്റ്റിലാണ് കിറ്റ് വിതരണം നിർത്തലാക്കിയത്. മട്ടാഞ്ചേരി മേഖലകളിലെ റേഷൻ കടകളിൽ വിതരണം ചെയ്തിരുന്ന കിറ്റുകൾ പാക്ക് ചെയ്യുന്ന കേന്ദ്രമായിരുന്നു ബാങ്ക് ഹൗസ് ഹാൾ. റേഷൻ കിറ്റ് വിതരണം നിർത്തലാക്കി ഏഴ് മാസം പിന്നിട്ടിട്ടും ബാക്കി വന്നവ നീക്കുന്നതിൽ സിവിൽ സപ്ലൈസ് അധികൃതർ നടത്തിയ അനാസ്ഥയിലാണ് പ്രതിഷേധം. മൂന്നുതരം അരി, പഞ്ചസാര, ഉഴുന്ന്, കടല, ചെറുപയർ, ആട്ട, ശർക്കരവരട്ടി, തേയില, വെളിച്ചെണ്ണ, ഉപ്പ് തുടങ്ങിയ കിറ്റ് ഉൽപന്നങ്ങളാണ് നശിച്ചത്. സംഭരണ കേന്ദ്രത്തിന്‍റെ ജനലഴികൾ തകർന്ന നിലയിലാണ്. ഏഴ് മാസമായിട്ടും നീക്കം ചെയ്യുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യാത്ത ഉൽപന്നങ്ങളിൽ ഏറിയ പങ്കും രാത്രികാലങ്ങളിൽ മോഷ്ടിക്കപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ചിത്രം: പാക്കിങ് കേന്ദ്രത്തിൽ കെട്ടിക്കിടന്ന് നശിച്ച റേഷൻ കിറ്റ് ഭക്ഷ്യവസ്തുക്കൾ രാത്രിയുടെ മറവിൽ നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.