മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തുന്നെന്ന ഹരജിയിൽ വിശദീകരണത്തിന്​ സർക്കാർ സമയം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി സമർപ്പിച്ച ഹരജിയിൽ വിശദീകരണത്തിന്​ സർക്കാർ കൂടുതൽ സമയം തേടി. ഇതേതുടർന്ന്​ ഹരജി 28ന്​ പരിഗണിക്കാൻ ​ജസ്റ്റിസ്​ അനു ശിവരാമൻ മാറ്റി. വ്യാജ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ആലപ്പുഴ സ്വദേശിയും കാവ്യ മാധവന്റെ സഹോദരന്റെ ഉടമസ്ഥതയിലെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസന്റ്​ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്. വിചാരണക്കോടതിയിലടക്കം താൻ മൊഴി നൽകിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധ മൊഴി നൽകണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നത്. ഹാജരാകാൻ നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ മൊഴി മാറ്റി പറയാനായി ദ്രോഹിക്കുമെന്ന് ആശങ്കയുണ്ടെന്നും തുടരന്വേഷണത്തിന്‍റെ ഭാഗമായി തനിക്ക് നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്​റ്റേ ചെയ്യണമെന്നുമാണ്​ ഹരജിയിലെ ആവശ്യം. ഹരജിയിൽ ബൈജു പൗലോസിനും സർക്കാറിനുമടക്കം കോടതി നോട്ടീസ്​ ഉത്തരവിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.