മുക്കുപണ്ടം പണയം​വെച്ച് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

കാക്കനാട്: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പടമുഗൾ പാലച്ചുവട് സ്വദേശികളായ പനക്കംതോടം എൻ.എ. ആഷിക് (23), വെള്ളിപ്പറമ്പിൽ വീട്ടിൽ സൽമാൻ ഉബൈസ് (23) എന്നിവരെയാണ് തൃക്കാക്കര സി.ഐ ആർ. ഷാബുവി‍ൻെറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. വാഴക്കാലയിലെ ധനകാര്യ സ്ഥാപനത്തി‍ൻെറ ഉടമയുടെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പെട്ടെന്ന് കണ്ടുപിടിക്കാനാകാത്ത തരത്തിൽ പുതിയ ഫാഷനിലും മോഡലിലും സ്വർണ നിറത്തിൽ ആഭരണങ്ങൾ ഉണ്ടാക്കി ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 21, 22, 23, 24 തീയതികളിലായിരുന്നു വാഴക്കാലയിലെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി നാലുലക്ഷം രൂപ കൈക്കലാക്കിയത്. എന്നാൽ, ഇത് മുക്കുപണ്ടമാണെന്ന് മനസ്സിലായതോടെ സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി. പരിശോധനയിൽ നിരവധി ധനകാര്യസ്ഥാപനങ്ങളിലായി സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യയുടെയും ബന്ധുക്കളുടെയും സ്വർണാഭരണങ്ങളാണ് വിൽക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ സ്വർണം പണയം വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന കൂടുതൽ പേർക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എസ്.ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, എ.എസ്.ഐ ഗിരീഷ്, കോൺസ്റ്റബിൾമാരായ ജാബിർ, സോണി ജയശ്രീ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഫോട്ടോ: ആഷിക്, സൽമാൻ ഉബൈസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.