പറവൂർ: ചേന്ദമംഗലം ഹരിത ഗ്രാമം പദ്ധതിയിലൂടെ സംയോജിത കാർഷിക വികസനത്തിനും മുസ്രിസ് പൈതൃക പദ്ധതിയുമായി ചേർന്ന് ടൂറിസത്തിൻെറ പരിപോഷണത്തിനും പ്രത്യേക പ്രാധാന്യം നൽകി ചേന്ദമംഗലം പഞ്ചായത്തിൻെറ ബജറ്റ് അവതരിപ്പിച്ചു. 31.54 കോടി വരവും 31.53 കോടി ചെലവും 15.95 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ് അവതരിപ്പിച്ചു. കൂൺകൃഷി വ്യാപകമാക്കും. ചെണ്ടുമല്ലി കൃഷിയിലൂടെ ചേന്ദമംഗലത്തെ പൂക്കളുടെ ഗ്രാമമാക്കും. ഓരുജല-ശുദ്ധജല മത്സ്യകൃഷിയും അലങ്കാര മത്സ്യകൃഷിയും പരിപോഷിപ്പിക്കും. ക്ഷീരസമൃദ്ധി ലക്ഷ്യംവെച്ച് വെറ്ററിനറി ക്ലിനിക്കിൽ ലാബ് സൗകര്യം ഏർപ്പെടുത്തും. യാത്രക്ലേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കും. ചേന്ദമംഗലം കൈത്തറിക്കും ടൂറിസവുമായി ബന്ധപ്പെട്ട് ഹോം സ്റ്റേ ഒരുക്കാനും പ്രത്യേക ധനസഹായം നൽകും. ഭവന പദ്ധതികൾക്ക് 2.97 കോടി, അതിദാരിദ്ര്യ ലഘൂകരണത്തിന് 3.50 കോടി രൂപയും വകയിരുത്തി. പാലിയേറ്റിവ് കെയർ പ്രവർത്തനം ശക്തിപ്പെടുത്തും. വയോജനങ്ങൾക്ക് പകൽവീടൊരുക്കും. വനിത-ശിശു ക്ഷേമപദ്ധതികൾക്ക് 40 ലക്ഷം രൂപ നീക്കിവെച്ചു. ഹരിതകർമ സേനയെ ശാക്തീകരിച്ച് ഗ്രാമം സുന്ദരം പദ്ധതി നടപ്പാക്കും. വെള്ളക്കെട്ട്, ഓരുജല ഭീഷണി എന്നിവ നേരിടാൻ 27 ലക്ഷം രൂപയും ബജറ്റിലുണ്ട്. പ്രസിഡന്‍റ് ദിവ്യ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.