ലഹരിമരുന്ന് വിൽപന; രണ്ട് യുവാക്കൾ പിടിയിൽ

അങ്കമാലി: ബംഗളൂരുവിൽനിന്ന് ലഹരി മരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് വിൽപന നടത്തിവന്ന സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. വാഴക്കാല പുറ്റിങ്ങൽപറമ്പിൽ വീട്ടിൽ അജ്മൽ (23), വാഴക്കാല പാപ്പാളി വീട്ടിൽ സവിൻ പാപ്പാളി (25) എന്നിവരെ ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽനിന്ന് കടത്തുകയായിരുന്ന 50 എം.ഡി.എം.എ ദേശീയപാത അങ്കമാലിയിൽ പൊലീസ് പിടികൂടുകയുണ്ടായി. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശി സുധീറാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. ഇയാളെ സംഭവ സ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളായ ഇരുവരും പിടിയിലായത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അജ്മലാണ് സംഘത്തിന് നേതൃത്വം നൽകിയത്. സുധീർ പിടിയിലായ വിവരം അറിഞ്ഞതോടെ ഇരുവരും ഒളിവിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ എസ്.എം. പ്രദീപ് കുമാർ, എസ്.ഐമാരായ വി.കെ. പ്രദീപ് കുമാർ, പി.ബി. ഷാജി, എ.എസ്.ഐ എ.ബി. സിനുമോൻ, സി.പി.ഒമാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.