എക്സ്ബിഷൻ സ്റ്റാൾ: ഉയർന്ന തുകക്ക്​ ടെൻഡർ നൽകിയെന്ന് ആരോപണം

കൊച്ചി: കോർപറേഷനിൽ എക്സിബിഷൻ സ്റ്റാൾ തയാറാക്കാൻ ഉയർന്ന തുകക്ക്​ ടെൻഡർ നൽകിയെന്ന് ആരോപണം. ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ച്​ ചർച്ചചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിലാണ് വിമർശനമുയർന്നത്. പ്രദർശന, വിപണന മേളക്ക്​ താൽക്കാലിക എക്സിബിഷൻ സ്റ്റാൾ തയാറാക്കാനാണ്​ ഉയർന്ന തുകക്ക്​ ടെൻഡർ നൽകിയെന്ന്​ ആരോപണം ഉയർന്നിരിക്കുന്നത്​. ഇക്കാര്യം പരിശോധിക്കാനും കരാറുകാരുമായി ചർച്ച നടത്തി തുക കുറക്കാൻ കഴിയുമോയെന്ന് ആരായാനും വികസനകാര്യ സ്ഥിരസമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി. കോർപറേഷൻ പരിധിയിലുള്ള ചെറുകിട വ്യവസായ യൂനിറ്റുകളുടെയും കുടുംബശ്രീ യൂനിറ്റുകളുടെയും വിപണനമേള നാലുദിവസങ്ങളിൽ മറൈൻഡ്രൈവ് മൈതാനത്ത്​ സംഘടിപ്പിച്ചിരുന്നു. എക്​സിബിഷൻ സ്റ്റാൾ തയാറാക്കാൻ സ്വകാര്യ സ്ഥാപനത്തിന്​ 12.17 ലക്ഷം രൂപക്ക്​ കരാർ നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയിരുന്നു. കരാറുകാരൻ ടെൻഡറിൽ 14.72 ലക്ഷം രൂപ ക്വോട്ട് ചെയ്തത്​ ചർച്ചകളിലൂടെ 12.17 ലക്ഷം രൂപയാക്കുകയായിരുന്നു. എന്നാൽ, മറൈൻഡ്രൈവിൽ മുമ്പ്​ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിനായി തയാറാക്കിയ പന്തലുകളിലൊന്ന് കോർപറേഷന്റെ പ്രദർശനത്തിന്​ ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ തവണ നടത്തിയ പ്രദർശനത്തിന് എക്സിബിഷൻ സ്റ്റാൾ എക്സിബിഷൻ സ്റ്റാൾ തയാറാക്കാൻ ഇത്രയേറെ തുക ചെലവായിട്ടില്ലെന്നും ഇത്തവണ തുക ഉയർന്നത്​ പരിശോധിക്കണമെന്നും സി.പി.ഐ കൗൺസിലർ സി.എ. ഷക്കീർ, യു.ഡി.എഫ് കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, വി.കെ. മിനിമോൾ, ആന്റണി കുരീത്തറ തുടങ്ങിയവർ ആവശ്യപ്പെട്ടു. തുക കുറക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ വികസനകാര്യ സ്ഥിരം സമിതിയോട്​ മേയർ എം. അനിൽകുമാർ നിർദേശിച്ചു. ജനകീയാസൂത്രണ പദ്ധതിയിൽ ചെലവഴിക്കാതെ ബാക്കിവരുന്ന ഫണ്ട് പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് ഭവന നിർമാണ പദ്ധതിക്ക്​ വകയിരുത്താൻ കഴിയുമോയെന്ന്​ പരിശോധിക്കാനും മേയർ ഉദ്യോഗസ്ഥരോട്​ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.