സ്റ്റോപ് മെമോ നൽകിയ തണ്ണീർത്തടം നികത്തുന്നു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയ തണ്ണീർത്തടങ്ങൾ നികത്തുന്നു. ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപം അയ്യങ്കാളി റോഡിനോട് ചേർന്ന് രണ്ടിടങ്ങളിലായാണ് സ്വകാര്യ വ്യക്തികൾ ടിപ്പർ ലോറിയിൽ പൂഴിമണൽ എത്തിച്ച് തണ്ണീർത്തടം നികത്തുന്നത്. മാസങ്ങൾക്കുമുമ്പ് വില്ലേജ് അധികൃതർ നികത്തുന്നതിനെതിരെ സ്റ്റോപ് മെമോ നൽകിയിരുന്നതാണ്. ഇത് മറികടന്നാണ് ഇപ്പോൾ നികത്തൽ തുടരുന്നത്. ഒരേക്കറോളം വരുന്ന തണ്ണീർത്തടത്തിന്റെ വലിയൊരുഭാഗം നിലവിൽ നികത്തി. വൻതോതിൽ വെള്ളക്കെട്ട് നേരിടുന്ന പ്രദേശമാണിത്. തണ്ണീർത്തടം നികത്തിയാൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. നികത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നികത്തൽ നടക്കുമ്പോൾ പരാതിയെത്തുടർന്ന് വില്ലേജ് അധികൃതർ സ്റ്റോപ് മെമോ നൽകുമെങ്കിലും തുടർനടപടി സ്വീകരിക്കുന്നില്ലെന്നാണ്​ നാട്ടുകാരുടെ പരാതി. തണ്ണീർത്തടം പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി.കെ. അരുൺകുമാർ ജില്ല കലക്ടർക്ക് പരാതി നൽകി. ചിത്രം - ഇടക്കൊച്ചി അയ്യങ്കാളി റോഡിന് സമീപം രണ്ട് ഇടങ്ങളിൽ തണ്ണീർത്തടം നികത്തിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.