വ്യാജരേഖ ചമച്ച്​ ജാമ്യം: അഭിഭാഷക​നെതിരെ തുടർനടപടി വേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: ഹൈകോടതിയുടേതെന്ന പേരിൽ വ്യാജ ഉത്തരവ് ഹാജരാക്കി അറസ്റ്റിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്തിയ കേസിൽ അഭിഭാഷകനെതിരെ തുടർനടപടി വേണ്ടതില്ലെന്ന്​ ഹൈകോടതി. കോടതി ഉത്തരവ്​ സംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സംഭവിച്ച വീഴ്ചയാണെന്ന്​ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും പ്രതി പിന്നീട്​ അറസ്റ്റിലായ സാഹചര്യം പരിഗണിച്ചുമാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥിന്‍റെ ഉത്തരവ്​. പ്രതി തിരുവനന്തപുരം തൈക്കാട് സ്വദേശി പ്രശാന്ത് കുമാറിന്‍റെ ജാമ്യഹരജിയും കോടതി തീർപ്പാക്കി. ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി പ്രശാന്ത് കുമാർ നൽകിയ ഹരജി ജനുവരി 21ന് ഹൈകോടതി പരിഗണിക്കുകയും സർക്കാറിന്റെ വിശദീകരണത്തിന്​ ഫെബ്രുവരി രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ഹൈകോടതിയുടെ വെബ്സൈറ്റിൽനിന്ന് കേസ് സംബന്ധിച്ച പേജിന്റെ പകർപ്പെടുത്ത് ഫെബ്രുവരി രണ്ടുവരെ പ്രതിക്കെതിരെ നടപടി പാടില്ലെന്ന് കൂട്ടിച്ചേർത്ത് ഇത് പൊലീസ് സ്​റ്റേഷനിൽ ഹാജരാക്കി പ്രതിയെ അറസ്റ്റിൽനിന്ന് തിരുവനന്തപുരത്തുള്ള അഭിഭാഷകൻ രക്ഷപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ഹൈകോടതി രജിസ്​ട്രാർ ജനറലിന്​ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെയുള്ള നടപടികൾ ഹൈകോടതി തടഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതോടെ ഫെബ്രുവരി 14ന്​ വീണ്ടും പ്രശാന്ത്​ കുമാറിനെ അറസ്റ്റ്​ ചെയ്തു. കഴിഞ്ഞ ദിവസം കേസ്​ വീണ്ടും പരിഗണിക്കവെ അഭിഭാഷക ഓഫിസിൽനിന്ന്​ ലഭ്യമാക്കിയ കേസ്​ സ്റ്റാറ്റസിലെ വിവരങ്ങൾ ​തെറ്റിദ്ധരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ തിരുവനന്തപുരത്തെ അഭിഭാഷകന്​ വീഴ്​ച പറ്റിയതെന്നും പ്രതിയുടെ അറസ്​റ്റ്​ തടയാൻ ഇടയാക്കിയതെന്നും പ്രതിക്കുവേണ്ടി ഹൈകോടതിയിൽ ഹാജരായ അഭിഭാഷകൻ അറിയിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചും നിരുപാധികം ക്ഷമ ചോദിച്ചും മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന്​ വ്യക്തമാക്കിയും അഭിഭാഷകൻ സത്യവാങ്​മൂലവും നൽകി. ഇത്​ അംഗീകരിച്ച കോടതി തെറ്റുസംഭവിച്ചത്​ ​ബോധപൂർവമല്ലെന്ന്​ വിലയിരുത്തിയും യുവ അഭിഭാഷകനാണെന്നത്​ പരിഗണിച്ചും രജിസ്ട്രാർ ജനറലിന്​ നൽകിയ പരാതിയിൽ നടപടി തുടരേണ്ടതില്ലെന്ന്​ ഉത്തരവിടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.