മോഡലുകളുടെ മരണം: എട്ട്​ പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചി: മോഡലുകൾ അടക്കം മൂന്നുപേരുടെ മരണത്തിന്​ വഴിയൊരുക്കിയ വാഹനാപകടക്കേസിൽ എട്ട്​ പ്രതികൾക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മോഡലുകളുടെ സുഹൃത്തായ അബ്​ദുറഹ്​മാനെ ഒന്നാം പ്രതിയാക്കി എറണാകുളം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ കുറ്റപത്രം നൽകിയത്​. അബ്​ദുറഹ്​മാനെതിരെ മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ച്​ നരഹത്യക്കിടയാക്കിയെന്ന കുറ്റമാണ്​ ചുമത്തിയിരിക്കുന്നത്​. മോശവിചാരത്തോടെ മോഡലുകളെ പിന്തുടർന്ന്​ അപകടത്തിനിടയാക്കിയ സൈജു തങ്കച്ചനാണ്​ കേസിലെ രണ്ടാം പ്രതി. രണ്ടാം പ്രതിയോടൊന്നിച്ച്​ യുവതികളെ കെണിയിൽ പെടുത്താൻ ശ്രമിച്ച ഹോട്ടൽ ഉടമ റോയ്​ വയലാറ്റ്​ മൂന്നാം പ്രതിയും. അപകടശേഷം നമ്പർ 18 ഹോട്ടലിലെ ഹാർഡ്​ ഡിസ്​കുകൾ നശിപ്പിച്ച്​ കേസിലെ തെളിവ്​ നശിപ്പിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ഉണ്ട്​. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന ഹോട്ടൽ ജീവനക്കാരായ വിഷ്​ണുകുമാർ, എം.ബി. മെൽവിൻ, ലിൻസൺ റെയ്​നോൾഡ്​, ഷിജുലാൽ, എ.കെ. അനിൽ എന്നിവരാണ്​ കേസിലെ നാലുമുതൽ എട്ട്​ വരെയുള്ള പ്രതികൾ. റോയ്​ വയലാറ്റിന്‍റെ പ്രേരണയാൽ നമ്പർ 18 ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇവർ നശിപ്പിച്ചെന്നാണ്​ ആരോപണം. സുഹൃത്തുക്കളായ അബ്ദുറഹ്​മാനും കൊല്ലപ്പെട്ട ആഷിഖിനും ബോധപൂർവം അമിത അളവിൽ മദ്യം നൽകിയശേഷം മോഡലുകളെ ഉപദ്രവിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇത്​ മനസ്സിലാക്കിയ മോഡലുകളും സുഹൃത്തുക്കളും പാർട്ടി അവസാനിക്കാൻ കാത്തുനിൽക്കാതെ ഹോട്ടൽ വിട്ടിറങ്ങിയതിന്‍റെ ദേഷ്യത്തിലാണ്​ സൈജു മറ്റൊരു കാറിൽ അമിതവേഗത്തിൽ പിന്തുടർന്ന്​ ഭീഷണിപ്പെടുത്തി ഇവരെ പ്രതിയുടെ താമസ സ്ഥലത്തേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ്​ കേസ്​. കേസിലെ മുഴുവൻ പ്രതികൾക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന്​ പുലർച്ചയാണ്​ മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (26), സുഹൃത്ത് തൃശൂർ വെമ്പല്ലൂ‍ർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവർ അപകടത്തിൽ മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.