പ്രവര്‍ത്തന ഫണ്ട് വിഹിതം കുറച്ചത്​ ജില്ല പഞ്ചായത്തുകളെ ബാധിക്കും -ഉല്ലാസ്​ തോമസ്​

മൂവാറ്റുപുഴ: ജില്ല പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ ബജറ്റില്‍ വന്‍ കുറവ് വരുത്തിയത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ ഉല്ലാസ് തോമസ് പറഞ്ഞു. എറണാകുളം ജില്ല പഞ്ചായത്തിന് 2018-19 വര്‍ഷം 124.5714 കോടിയാണ് മൊത്തം ഫണ്ട്​ അനുവദിച്ചത്. 2019-20ല്‍ 137.7484 കോടിയും 2020-21ല്‍ 137.8218 കോടിയും നീക്കിവെച്ചിരുന്നു. എന്നാല്‍, 2021-22ല്‍ ഇത് 133.760 കോടിയാക്കി വെട്ടിക്കുറച്ചു. 2022-23ൽ 88.42 കോടി മാത്രമാണ് ബജറ്റിൽ വക കൊള്ളിച്ചത്. ഇതുതന്നെയാണ് 14 ജില്ല പഞ്ചായത്തിന്‍റെയും അവസ്ഥയെന്നും ഉല്ലാസ് തോമസ് പറഞ്ഞു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 61.04 കോടിയുടെ സ്ഥാനത്ത് 10.57 കോടി മാത്രമാണ് ഇത്തവണ സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും ഉല്ലാസ് തോമസ് ചൂണ്ടിക്കാട്ടി. ഫണ്ടില്‍ കുറവ്​ വന്നതോടെ സ്‌കൂള്‍, ആശുപത്രികള്‍, റോഡ്, കാര്‍ഷിക രംഗങ്ങളില്‍ തുടങ്ങി സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.