ബജറ്റ് വൈപ്പി‍െൻറ വികസനത്തിന് വഴിയൊരുക്കും -കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ

ബജറ്റ് വൈപ്പി‍ൻെറ വികസനത്തിന് വഴിയൊരുക്കും -കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ വൈപ്പിൻ: ഗ്രാമീണ, കായൽ ടൂറിസം പദ്ധതി വികസന പദ്ധതി ഉൾപ്പെടെയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളും നിർദേശങ്ങളും വൈപ്പിൻ ദ്വീപിന് വൻവികസനം ഉറപ്പാക്കുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. ക്ഷീരകർഷക ക്ഷേമം ഉറപ്പാക്കുന്നതിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പദ്ധതി നടപ്പാക്കുന്നതിനും ചെറായി തുണ്ടിടപ്പറമ്പിൽ മിശ്രഭോജന സ്‌മാരകം നിർമിക്കുന്നതിനും ചെറായി പണ്ഡിറ്റ് കറുപ്പൻ സ്‌മാരക മന്ദിരത്തിന് അധിക തുക അനുവദിക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്. മൊത്തം 10.8 കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിന് പ്രത്യേകമായി മാത്രം അനുവദിച്ചു. മണ്ഡലത്തിന് പ്രത്യേകമായുള്ള പദ്ധതികൾക്ക് പുറമെ സംസ്ഥാനത്തിന് പൊതുവായി പ്രഖ്യാപിച്ച വിവിധ വകുപ്പുതല പദ്ധതികളിൽ നിന്നുള്ള വിഹിതവും കൂടിച്ചേരുമ്പോൾ മികച്ച പരിഗണനയും പരിരക്ഷയുമാണ് വൈപ്പിനുവേണ്ടി ലഭ്യമാക്കാനായതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ നിർദേശിച്ച പദ്ധതികളുടെ തുടർച്ചയും ഉറപ്പാക്കാൻ കഴിയുന്ന സാഹചര്യവുമുണ്ട്. കടമക്കുടി ഉൾപ്പെടെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് ഒരുകോടി അറുപത് ലക്ഷം രൂപ പ്രാഥമിക വിഹിതമായി വകയിരുത്തിയിട്ടുണ്ട്. മൊത്തം എട്ടുകോടി രൂപയുടേതാണ് പദ്ധതി. ഇതിനൊപ്പം നേരത്തേ നിർദേശിക്കപ്പെട്ട ടൂറിസം കോറിഡോർ പദ്ധതിയും കൂടുതൽ വിപുലമായി മുന്നോട്ടുകൊണ്ടുപോകാനാകും. വൈപ്പിൻ ബ്ലോക്കിന് കീഴിൽ ക്ഷീരവികസനത്തി‍ൻെറ ഭാഗമായി ആംബുലേറ്ററി ലാബും വന്ധ്യത ക്ലിനിക്കും ചാണക സംസ്‌കരണ യൂനിറ്റും ആരംഭിക്കുന്ന പദ്ധതിക്ക് മുപ്പത് ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. മൊത്തം ഒന്നര കോടി രൂപയുടെതാണ് പദ്ധതി. മിശ്രഭോജനത്തിന്റെ ചിരസ്‌മരണ നിലനിർത്തുന്നതിന് സ്‌മാരകം നിർമിക്കുന്നതിന് പ്രാഥമിക വിഹിതമായി 14 ലക്ഷം രൂപയാണ് വകയിരുത്തിയത്​. മൊത്തം 70 ലക്ഷം രൂപയാണ് അടങ്കൽ തുക. വൈപ്പിൻ - ഫോർട്ട്കൊച്ചി ജലമാർഗം പുതിയ ഒരു റോ റോ കൂടെയിറക്കാനുള്ള ബജറ്റ് പ്രഖ്യാപനം മണ്ഡലത്തിന് ഏറെ ഗുണകരമാണെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.