പരിഹാരമില്ലാതെ വൈപ്പിൻ

വൈപ്പിൻ: വിവിധ പ്രദേശങ്ങളിൽ കാലങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിന്​ ഇപ്പോഴും ശാശ്വത പരിഹാരമായില്ല. ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളുടെ കിഴക്കൻ മേഖലകളിലും എടവനക്കാടി‍ൻെറ വടക്കൻ മേഖലകളിലും പള്ളിപ്പുറം പഞ്ചായത്തി‍ൻെറ വടക്കൻ മേഖലകളിലുമാണ് ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടേക്ക് പമ്പിങ് നടക്കുന്നത്. പലപ്പോഴും മുന്നറിയിപ്പില്ലാതെ വെള്ളം നിലയ്ക്കുന്ന സ്ഥിതിയാണ്. നായരമ്പലത്ത് നെടുങ്ങാട് മേഖലയിലാണ് ക്ഷാമം രൂക്ഷം. താല്‍ക്കാലിക ആശ്വാസത്തിനുപോലും ബദല്‍ ജലസ്രോതസ്സുകളായ കുളങ്ങളോ കിണറുകളോ ഇല്ലാതെ നാലുവശവും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് നെടുങ്ങാട്. ഞാറക്കലിൽ മഞ്ഞനക്കാട് ഓടമ്പിള്ളി, വലിയവട്ടം, കടപ്പുറം, സീഷോർ കോളനി, കോതകുളങ്ങര, പെരുമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ഷാമം കൂടുതൽ. ചൊവ്വര പമ്പ് ഹൗസിൽനിന്നും കുറഞ്ഞ തോതിലുള്ള വെള്ളമാണ് ഇവിടേക്ക് എത്തുന്നത്. വടുതല പമ്പ് ഹൗസിൽ നിന്നുള്ള ജല ലഭ്യതയിലും കുറവ് വന്നതോടെയാണ് ജലക്ഷാമം രൂക്ഷമായതെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാർ പറയുന്നു . എടവനക്കാട് ഒന്നും പന്ത്രണ്ടും പതിമൂന്നും വാർഡുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. അണിയലിലെ ജലസംഭരണിയിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആറും എട്ടും മണിക്കൂറുകൾ മാത്രമാണ്​ പമ്പിങ് നടത്തുന്നത്. 24 മണിക്കൂറും പമ്പിങ്​ നടത്തിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് ജനപ്രതിനിധികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.