എൽ.ഐ.സി വിൽപന: പോളിസി ഉടമകൾക്കും രാഷ്‌ട്രത്തിനും നഷ്ടം -തോമസ്​ ഐസക്​

-എൽ.ഐ.സി സംരക്ഷണ സമിതിക്ക്​ രൂപം നൽകി കൊച്ചി: എൽ.ഐ.സിയെ സ്വകാര്യവത്​കരിച്ചാൽ ഇന്ത്യയിലെ സാധാരണക്കാർക്കും ഗ്രാമീണ മേഖലക്കും ലഭിക്കുന്ന പരിഗണന ഇല്ലാതാകുമെന്ന്‌ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ്‌ ഐസക്. എൽ.ഐ.സി സംരക്ഷണ സംസ്ഥാന സമരപ്രഖ്യാപന കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ​അദ്ദേഹം. സാധാരണക്കാർ സമ്പാദ്യത്തിനും അവരുടെ റിസ്‌ക് കുറക്കാനും ഉപാധിയായി കാണുന്നത്‌ എൽ.ഐ.സി​യെയാണ്‌. 38 ലക്ഷം കോടിയുടെ ആസ്‌തിയുള്ള എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കുന്നതിലൂടെ പോളിസി ഉടമകൾക്കും രാഷ്‌ട്രത്തിനും നഷ്ടമുണ്ടാകും. പോളിസി ഉടമകളും ജീവനക്കാരും ചേർന്ന്‌ ഉണ്ടാക്കിയ സ്വത്ത്‌ ഓഹരികളാക്കി വിറ്റ്‌ കാശുണ്ടാക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്​. കർഷക സമരം ആരംഭിച്ചപ്പോൾ കേന്ദ്രസർക്കാർ ആദ്യം തിരിഞ്ഞുനോക്കിയില്ല. എന്നാൽ, സമരം ഒടുവിൽ ജനങ്ങളെ സ്വാധീനിച്ചു തുടങ്ങി. രാഷ്‌ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്ന്‌ കണ്ട കേന്ദ്രസർക്കാർ പക്ഷേ, ഒടുവിൽ കർഷകർക്കു മുന്നിൽ മുട്ടുമടക്കി. കർഷക സമരത്തിന്റെ വിജയത്തിനുശേഷം അതുപോലെ തന്നെയുള്ള മറ്റൊരു സമരത്തിനാണ്‌ ഇവിടെ തുടക്കം കുറിക്കുന്നതെന്നും തോമസ്‌ ഐസക് പറഞ്ഞു. സമരപ്രഖ്യാപനരേഖ തോമസ്‌ ഐസക് അവതരിപ്പിച്ചു. എൽ.ഐ.സിയെ സ്വകാര്യവത്​കരിക്കുയെന്നത്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും തകർക്കുമെന്ന്‌ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ജനറൽ ഇൻഷുറൻസ്‌ കോർപറേഷൻ ബിൽ രാജ്യസഭയിൽ വന്നപ്പോൾ പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ വിശദ പരിശോധനക്ക്‌ വിടണമെന്ന്‌ താനടക്കമുള്ള എം.പിമാർ ആവശ്യപ്പെട്ടു. ബില്ലിനെക്കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായവും രേഖപ്പെടുത്തി. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ്‌ ബിൽ പാസാക്കിയത്‌. പാർലമെന്ററി ജനാധിപത്യത്തോടുള്ള കേന്ദ്ര സർക്കാറിന്റെ നിലപാട്‌ ഇതാണെന്നും എളമരം കരീം പറഞ്ഞു. ടി.എം. തോമസ്‌ ഐസക് ചെയർമാനായും പി.പി. കൃഷ്‌ണൻ ജനറൽ കൺവീനറുമായി 201 അംഗ എൽ.ഐ.സി സംരക്ഷണ സമിതി രൂപവത്​കരിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ്‌ കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. പി.ആർ. മുരളീധരൻ, പി.പി. കൃഷ്‌ണൻ, മേയർ എം. അനിൽകുമാർ, എസ്‌. ശർമ, എ. സമ്പത്ത്‌, ‌കെ.എൻ. ഗോപി, തമ്പാൻ തോമസ്‌, ജോൺ ഫെർണാണ്ടസ്‌, എ.എൻ. ഗോപി, ശ്രീകാന്ത്‌ മിശ്ര, സോണിയ ജോർജ്‌, പി.ജി. ദിലീപ്‌, ‌ചാൾസ്‌ ജോർജ്‌, ടി.ബി. മിനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.