ഗിഫ്റ്റ് സിറ്റി: സർവേ നടപടികൾ പൂർത്തിയായി

കൊച്ചി: അങ്കമാലി അയ്യമ്പുഴയിലെ നിര്‍ദിഷ്ട ഗിഫ്റ്റ് സിറ്റി (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആൻഡ്​ ട്രേഡ് സിറ്റി) പദ്ധതിക്കുള്ള ഭൂമിയുടെ സർവേ നടപടി പൂർത്തിയായി. ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഈ മാസം 25 നുള്ളിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കാനും തീരുമാനമായി. ഉടൻ നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നത് ലക്ഷ്യമിട്ടാണ് ജില്ല ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. അയ്യമ്പുഴ വില്ലേജിലെ 358 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെയും വസ്തുക്കളുടെയും വില നിശ്ചയിക്കുന്നതിന്​ പ്രത്യേക സംഘത്തിന് രൂപം നല്‍കിയായിരുന്നു പ്രവർത്തനം. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ഭൂമി പദ്ധതി നിർവഹണ ഏജന്‍സിയായ കിന്‍ഫ്രക്ക്​ കൈമാറുന്നത് ലക്ഷ്യമിട്ടാണ് നടപടി പുരോഗമിക്കുന്നത്. കിഫ്ബി സ്പെഷല്‍ തഹസില്‍ദാര്‍ ടി.എൻ. ദേവരാജന്‍, കിന്‍ഫ്ര അധികൃതർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അക്കൗണ്ടന്‍റ് നിയമനം കൊച്ചി: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിനുകീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്‍റ് തസ്തികയിൽ നിയമനത്തിന്​ യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദം, അംഗീകൃത ടാലി സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ടിങ്​ മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 14 വൈകീട്ട് അഞ്ചിന്. വിവരങ്ങൾക്ക് www.arogyakeralam.gov.in ഫോൺ 0484-2354737.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.