സി.പി.എം സംസ്ഥാന കമ്മിറ്റി: ആലപ്പുഴക്ക് വിനയായത് വിഭാഗീയത

ആലപ്പുഴ: വിഭാഗീയത ശക്തമായ ആലപ്പുഴയിലെ നേതാക്കൾക്ക് ശക്തമായ മുന്നറിയിപ്പായി സംസ്ഥാന കമ്മിറ്റിയിലെ പുനഃസംഘടന. പ്രമുഖ നേതാവ് ജി. സുധാകരനെ ഒഴിവാക്കിയതിനൊപ്പം ജില്ലയിൽനിന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി ഒരാൾപോലും എത്തിയില്ല. 16 പുതുമുഖങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയിൽ ഇടം നൽകിയിട്ടും കേരളത്തിൽനിന്നുള്ള സി.പി.എമ്മിന്‍റെ ഏക ലോക്സഭ എം.പി എ.എം. ആരിഫിനെ പരിഗണിച്ചില്ല. മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റിൽ എത്തിയതാണ് ഏക മാറ്റം. ജില്ല സെക്രട്ടറി ആർ. നാസർ, സജി ചെറിയാൻ, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുകയായിരുന്നു. ഒഴിവാക്കപ്പെട്ട മുതിർന്ന നേതാക്കളിൽ അഞ്ചുപേരെ വി.എസ്. അച്യുതാനന്ദനൊപ്പം പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയെങ്കിലും സുധാകരനെ പരിഗണിച്ചില്ല. മത്സ്യത്തൊഴിലാളി സംഘടന സംസ്ഥാന നേതാവുകൂടിയായ പി.പി. ചിത്തരഞ്ജൻ എം.എൽ.എയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. മറ്റിടങ്ങളിലെല്ലാം ജില്ല സെക്രട്ടേറിയറ്റ് രൂപവത്​കരിച്ചെങ്കിലും ആലപ്പുഴയിൽ നടന്നില്ല. സംസ്ഥാന സമ്മേളനത്തിനുശേഷം മതിയെന്നാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.