ആലപ്പുഴ: സി.പി.എമ്മിനെ സംബന്ധിച്ച് എല്ലാക്കാലത്തും ആലപ്പുഴയുടെ കരുത്തായിരുന്നു സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കപ്പെട്ട ജി. സുധാകരൻ. രക്തസാക്ഷി കുടുംബത്തിൽനിന്ന് പാർട്ടിയിലെത്തി കരുത്തോടെ സമരം നയിച്ച് ജില്ലയിൽ പാർട്ടി വളർത്തുകയും ചോദ്യംചെയ്യപ്പെടാത്ത നേതാവായി തീരുകയുമായിരുന്നു. ജില്ലയിൽ പാർട്ടിയുടെ അവസാനവാക്കായി എല്ലാക്കാലവും നിലകൊണ്ട അദ്ദേഹത്തിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ടതു മുതലാണ് ശനിദശയുടെ തുടക്കം. സീറ്റ് പ്രതീക്ഷവെച്ച അദ്ദേഹം അവസാന നിമിഷംവരെ അതിന് ശ്രമിക്കുകയും ചെയ്തു. തന്‍റെ മണ്ഡലമായ അമ്പലപ്പുഴയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയ വൻവികസനം മുന്നോട്ട് വെച്ചാണ് പ്രചാരണം നടന്നത്. പാർട്ടി സ്ഥാനാർഥിയായ എച്ച്. സലാം ഇവിടെ വിജയിച്ചെങ്കിലും പ്രചാരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന പരാതി ഉയർന്നു. ഈ ആരോപണം ശരിവെക്കുന്നതായിരുന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്‍റെ റിപ്പോർട്ട്. സലാമിന്റെ വിജയത്തിനായി ശ്രമിച്ചില്ലെന്നും പ്രചാരണ രംഗത്ത് അലംഭാവം കാട്ടിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അംഗങ്ങളായ കമീഷൻ കണ്ടെത്തിയത്. സലാമിനെതിരായ വർഗീയ പ്രചാരണങ്ങളെ തടയാൻ വേണ്ടവിധം ശ്രമിച്ചില്ല, ഫണ്ട് പിരിവിന് മുന്നിട്ടിറങ്ങിയില്ല തുടങ്ങി 22 കുറ്റങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പാർട്ടി പരസ്യമായി ശാസിച്ചത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് കഴിഞ്ഞയാഴ്ച നടന്ന ജില്ല സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറിക്ക് കത്തുനൽകിയതും ചർച്ചയായി. ഈ നടപടി സംഘടനാപരമല്ലെന്നാണ് നേതൃത്വം വിലയിരുത്തിയത്. സംസ്ഥാന കമ്മിറ്റിയിൽ പറയേണ്ടത് കത്തായി നൽകിയതിലെ അനൗചിത്യവും അലോസരമായി. ഔദ്യോഗിക രേഖകളിൽ തനിക്കു പ്രായം 75 കഴിഞ്ഞെങ്കിലും അതു പ്രായം കൂട്ടിക്കാണിച്ച് സ്കൂളിൽ ചേർത്തതുകൊണ്ടാണെന്ന് സുധാകരൻ പറഞ്ഞതുകൂടി കണക്കിലെടുത്താൽ കത്ത് നൽകിയതിന്‍റെ ലക്ഷ്യവും സംശയത്തിലാക്കി. പ്രായപരിധിയുടെ പേരിൽ മാത്രമല്ല അദ്ദേഹം ഒഴിവാക്കപ്പെട്ടതെന്നാണ് അണിയറ ചർച്ച. ക്ഷണിതാവായെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന സൂചനയും തള്ളിയാണ് പുറത്തേക്ക് വഴിതുറന്നത്. 1967ൽ പഠനകാലത്തുതന്നെ പാർട്ടി അംഗമായി. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സംസ്ഥാന ജോ. സെക്രട്ടറിയായിരുന്നു. 1971ൽ എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ട്രേഡ് യൂനിയൻ നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് സെക്രട്ടേറിയറ്റിലേക്ക് വിദ്യാർഥികളുടെ ജാഥ നയിച്ച സുധാകരന് പൊലീസ് മർദനമേറ്റു. അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം മൂന്ന് മാസം ജയിൽവാസം അനുഭവിച്ചു. സി.ഐ.ടി.യു ആലപ്പുഴ ജില്ല പ്രസിഡന്റ്, കർഷകത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി, സംസ്ഥാന ട്രഷറർ, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കായംകുളത്തുനിന്ന് 1996ലും 2006 മുതൽ അമ്പലപ്പുഴയിൽനിന്ന് മൂന്ന് തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുധാകരൻ വി.എസ് അച്യുതാനന്ദൻ, പിണറായി മന്ത്രിസഭകളിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.