ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം; നടപടി

കാക്കനാട്: ബസ് ഓടിക്കുന്നതിനൊപ്പം ഫോണിൽ സംസാരിക്കുന്ന ഡ്രൈവർമാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ ഫോൺ ചെയ്ത്​ വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിറയെ ആളുകളുള്ള ബസിൽപോലും ഏറെ അപകടകരമായ അശ്രദ്ധ കാണിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രണ്ടുപേർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസ് റദ്ദാക്കൽ നടപടി സ്വീകരിച്ചത്. ആലുവ-പെരുമ്പാവൂർ റൂട്ടിലോടുന്ന കുഞ്ചാട്ടുകര സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവറെയാണ് അധികൃതർ പിടികൂടിയത്. വാഹന പരിശോധനക്കിടെ എതിർദിശയിലൂടെ പോകുന്ന ബസിലെ ഡ്രൈവർ ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിഡിയോ റെക്കോഡ് ചെയ്യുകയും പിന്നീട് നടപടി സ്വീകരിക്കുകയുമായിരുന്നു. പരിശോധനക്കുശേഷം യാത്ര ആരംഭിക്കുമ്പോൾ ഇയാൾ ഫോണിൽ സംസാരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ വിളിച്ചുവരുത്തി കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷമാണ് ലൈസൻസ് സസ്​പെൻഡ് ചെയ്തത്. വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്ന സ്വകാര്യബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ പിടികൂടാൻ ശക്തമായ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.