പ്രഫ. മാത്യു ഉലകംതറ അന്തരിച്ചു

കോട്ടയം: മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്​തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. സംസ്​കാരം പിന്നീട്. ഭാര്യ വെച്ചൂച്ചിറ പുത്തേട്ട് കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജിയോ, ജിമ്മി, ജോയ്സ്​, ജാസ്​മിൻ. മരുമക്കൾ: ആലീസ്​ (റിട്ട. അധ്യാപിക മേനാംപറമ്പിൽ, ചേർത്തല), ബിന്ദു പുളിക്കൽ (അയ്യമ്പള്ളി), തോമസുകുട്ടി കണിയാംകുന്നേൽ (ഈരാറ്റുപേട്ട). 1931ൽ വൈക്കത്തായിരുന്നു ജനനം. തേവര എസ്​.എച്ച് കോളജിൽ മലയാളം അധ്യാപകനായി 1986 വരെ സേവനമനുഷ്ഠിച്ചു. ശ്രീശങ്കരാചാര്യ സംസ്​കൃത സർവകലാശാല ഓണററി പ്രഫസറായും 'ദീപിക ആഴ്ചപ്പതിപ്പി'ന്‍റെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. കേരള, എം.ജി സർവകലാശാലകളിൽ ചീഫ് എക്സാമിനർ, എക്സാമിനേഷൻ ബോർഡ് ചെയർമാൻ, പാഠപുസ്​തക സമിതി അംഗം, ഓറിയൻറൽ ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ്​ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 'ക്രിസ്​തുഗാഥ' എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യശാസ്​ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികൾ രചിച്ചു. വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, സിസ്റ്റർ മേരി ബനീജ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികൾക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്. കേരളത്തിലെ മൂന്ന്​ സർവകലാശാലകൾ ഇദ്ദേഹത്തിന്‍റെ സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ പാഠപുസ്​തകങ്ങളാക്കിയിട്ടുണ്ട്. ktd prof. mathew ulakathara-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.