കുടുംബശ്രീ ഭാരവാഹികളുടെ സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിച്ചു

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍പേഴ്‌സന്‍ എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് യു.ഡി.എഫ് പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. വാര്‍ഡ് തലത്തില്‍ നടന്ന എ.ഡി.എസ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നിയമങ്ങള്‍ മാറ്റിമറിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സി.പി.എം പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരുന്നെന്നും റിട്ടേണിങ് ഓഫിസർ ഒത്താശ ചെയ്ത് കൊടുക്കുകയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കാന്‍ പോലും തയാറായില്ല. കുടുംബശ്രീ ജില്ല മിഷനില്‍ നല്‍കിയ പരാതിയിലും പരിഹാരമായില്ല. ചെയര്‍പേഴ്‌സൻ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ചെയര്‍പേഴ്‌സനായി ഷെമീന അബ്ദുല്‍ ഖാദറും വൈസ് ചെയര്‍പേഴ്‌സനായി ഗീത വേലായുധനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ സി.ഡി.എസിന്റെ രാഷ്ട്രീയവത്കരണത്തെ നേരിടുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.എം. അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.പി. സുബൈറുദ്ദീന്‍, വിനിത ഷിജു, അംഗങ്ങളായ അഷറഫ് ചീരേക്കാട്ടില്‍, തമ്പി കുര്യാക്കോസ്, ഫൈസല്‍ മനയില്‍, സുധീര്‍ മുച്ചേത്ത്, നൗഫി കരീം, സുഹറ കൊച്ചുണ്ണി, നുസ്‌റത്ത് ഹാരിസ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.