വാടപ്പുറം ബാവ ഒടുവിൽ സി.പി.ഐക്ക് വിപ്ലവകാരി; എ.ഐ.ടി.യു.സി ആസ്ഥാനത്ത് ഇടം

ആലപ്പുഴ: അച്യുതമേനോന്‍റെ കാലശേഷം സി.പി.ഐ മറന്ന വാടപ്പുറം ബാവയെ പാർട്ടി ട്രേഡ്​ യൂനിയന്‍റെ ഭാഗമായി അംഗീകരിക്കാൻ ഒടുവിൽ തീരുമാനം. സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായി വിശേഷിപ്പിക്കപ്പെടുന്ന വാടപ്പുറം ബാവ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ എന്ന പ്രഥമ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഈ യൂനിയന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റ്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്​. യൂനിയന്‍റെ ശതാബ്ദി വർഷത്തിലും ബാവയെ സ്മരിക്കാൻ കൂട്ടാക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിലും എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയിലും ചർച്ച ചെയ്ത് സ്ഥാപകനേതാവായി അംഗീകരിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരത്തെ എ.ഐ.ടി.യു.സി ആസ്ഥാനത്ത് ഛായാചിത്രം സ്ഥാപിക്കുന്നതിനുപുറമെ ശതാബ്ദി സ്മരണയും സംഘടിപ്പിക്കും. ലേബര്‍ അസോസിയേഷന്‍റെ 50ാം സമ്മേളനം 1972ല്‍ നടന്നപ്പോൾ സി.പി.ഐയുടെ സമുന്നതനേതാവും മുഖ്യമന്ത്രിയുമായിരുന്ന സി. അച്യുതമേനോനായിരുന്നു ഉദ്ഘാടകൻ. 1922ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ബാവ ആരംഭിച്ച തൊഴിലാളിവര്‍ഗ സമരമുന്നേറ്റം ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമാണെന്നാണ് രാഷ്ട്രപതി വി.വി. ഗിരി അടക്കം പങ്കെടുത്ത കനകജൂബിലി സമ്മേളനത്തില്‍ അച്യുതമേനോന്‍ അടിവരയിട്ടത്. ഈ വ്യക്തിയെയാണ് പാർട്ടിയും യൂനിയനും പിന്നീട് കൈവിട്ടത്. തൊഴിലാളിപ്രസ്ഥാനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ വാലായിക്കൂടെന്ന നിലപാടുണ്ടായിരുന്ന വാടപ്പുറം ബാവയുടേത് കമ്യൂണിസ്റ്റ്​ സൈദ്ധാന്തിക നിലപാടല്ലെന്ന് പിന്നീട് വിലയിരുത്തലുണ്ടായതാണ് പ്രശ്നമായത്. സംഘടന കമ്യൂണിസ്റ്റ് പാർട്ടി ഹൈജാക്ക് ചെയ്​തെങ്കിലും ഇദ്ദേഹത്തെ അംഗീകരിക്കുന്നത് എ.ഐ.ടി.യു.സി രാജ്യത്തെ ആദ്യ ട്രേഡ് യൂനിയനെന്ന അവകാശവാദത്തിന് കോട്ടംവരുത്തുമോ എന്ന വിഷയവും കുഴപ്പമായി. ഈ മാർച്ചിൽ അവസാനിക്കുന്ന ശതാബ്ദിയിൽപോലും സ്ഥാപകനേതാവിനെ തഴയുന്നത് 'മാധ്യമം' വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിതലത്തിൽ ആലോചന മുറുകിയതും എ.ഐ.ടി.യു.സി നേതൃത്വത്തിൽ ശതാബ്ദി സ്മരണ ഒരുക്കുന്നതിന് തീരുമാനിച്ചതും. തൊഴിലാളി നേതാവ് സജീവ് ജനാർദനൻ പ്രസിഡന്‍റായ വാടപ്പുറം ബാവ ഫൗണ്ടേഷൻ അടുത്തനാളിൽ സംഘടിപ്പിച്ച, സി.പി.ഐ വിട്ടുനിന്ന ശതാബ്ദിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ മുൻ മന്ത്രി ജി. സുധാകരൻ പങ്കെടുത്ത് ബാവയുടെ 'ട്രേഡ് യൂനിയൻ വിപ്ലവം' പ്രകീർത്തിച്ചിരുന്നു. തൊഴിലാളിദ്രോഹം കൊടികുത്തിവാണ ഘട്ടത്തിൽ പരിഹാരം തേടിയ വാടപ്പുറം ബാവയോട് തൊഴിലാളി സംഘടനയുണ്ടാക്കാന്‍ ശ്രീനാരായണഗുരു ആവശ്യപ്പെട്ടതു പ്രകാരമാണ് ലേബർ യൂനിയൻ മൊട്ടിട്ടതെന്നാണ് ചരിത്രം. വാടപ്പുറം ബാവയുടെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സംഘടന യാഥാർഥ്യമായത്. ശ്രീനാരായണഗുരുവിന്‍റെ അനുഗ്രഹാശിസ്സ്​ കൽപിക്കപ്പെട്ട സംഘടന എന്ന നിലയിൽ തമസ്കരിക്കൽ ഭാവിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന വിലയിരുത്തലും സി.പി.ഐയുടെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചു. അഷ്റഫ് വട്ടപ്പാറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.