ആലുവ: ഭരണകൂടം ഇപ്പോൾ ഇന്ത്യയെ ഭരിക്കുകയല്ല, വിൽക്കുകയാണെന്നും വർഗീയ ധ്രുവീകരണവും വെറുപ്പും ഉൽപാദിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവിച്ചു. ചാലക്കൽ അസ്ഹറുൽഉലൂം കോളജ് 32ാം വാർഷികവും സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മുസഫർ കലാപം അഴിച്ചുവിട്ട് വെറുപ്പുണ്ടാക്കിയ ബി.ജെ.പി ഇക്കുറി കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഹിജാബ് വിരുദ്ധ കാമ്പയിൻ നടത്തിയാണ്. ഹിജാബ് വിരുദ്ധ പ്രചാരണം മുസ്‌ലിം വിരുദ്ധ കാമ്പയിൻ മാത്രമല്ല, ഇന്ത്യൻ ബഹുസ്വരതയുടെ ആത്മാവിന് നേരെയുള്ള ആക്രമണം കൂടിയാണ്. ഹിജാബ് ഒഴിവാക്കി സ്കൂൾ യൂനിഫോം അണിഞ്ഞാൽ എന്താണ് കുഴപ്പമെന്ന ലളിതയുക്തിയിൽ നിന്നുയർന്ന് വരുന്ന ചോദ്യം ഭരണഘടനാവിരുദ്ധമാണ്. സർക്കാർ സർക്കാറിതര കലാലയങ്ങൾ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് പ്രവർത്തിക്കണം. അതുകൊണ്ട് യൂനിഫോമിനൊപ്പം മുസ്‌ലിം വിദ്യാർഥിനികൾ ഹിജാബ് അണിഞ്ഞാൽ എന്താണ് കുഴപ്പം എന്നായിരുന്നു യഥാർഥത്തിൽ അവർ ചോദിക്കേണ്ടിയിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും കൂച്ച് വിലങ്ങിടുകയാണ് ഭരണകൂടമെന്ന് മീഡിയവൺ പ്രക്ഷേപണവിലക്കിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. മുഴുവൻ ജനങ്ങളും ഇതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സനൽ ബോർഡ് ജനറൽ സെക്രട്ടറി ഖാലിദ് സൈഫുല്ലാഹ് റഹ്മാനി സനദ് ദാനം നിർവഹിച്ചു. ജംഇയ്യതുൽ ഉലമയെ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി അൽ ഖാസിമി, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനസെക്രട്ടറി കെ.എ. യൂസുഫ് ഉമരി, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് എം.കെ. അബൂബക്കർ ഫാറൂഖി, കോളജ് റെക്ടർ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ട്രസ്റ്റ് സെക്രട്ടറിമാരായ വി.എ. ഇബ്രാഹിം കുട്ടി, അലുമ്നി പ്രസിഡന്റ് എ.എം. ജമാൽ, പൂർവ വിദ്യാർഥി പ്രതിനിധി നസീം ദേവതിയാൽ എന്നിവർ സംസാരിച്ചു. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് ട്രസ്റ്റ് ഭാരവാഹികളായ എം.എം. അബ്ദുർറഹ്മാൻ, എം.എം. അബ്ദുൽഅസീസ്, ടി.ബി. ഹാഷിം, പി.കെ. മുഹമ്മദ് എന്നിവർ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.