കതിരണിഞ്ഞ് എടയാറ്റുചാൽ പാടശേഖരം

ആലങ്ങാട്: വ്യവസായ മേഖലയുടെ ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന എടയാറ്റുചാൽ പാടശേഖരം കതിരണിയുന്നു. ഒരു കാലത്ത് നെൽപാടങ്ങളാൽ സമ്പന്നമായിരുന്നു ഇവിടം. എന്നാൽ, കൃഷിയിൽനിന്ന് വ്യതിചലിച്ചതോടെ പാടശേഖരങ്ങൾ പലതും തരിശുഭൂമിയായി മാറി. ഇതോടെയാണ്​ ബ്ലോക്ക് പഞ്ചായത്ത്​ തരിശുഭൂമികൾ കണ്ടെത്തി കൃഷിയിറക്കാനുള്ള പദ്ധതിയിലേക്ക് കടന്നത്​. 30 വർഷം തരിശുഭൂമിയായി കിടന്നിരുന്ന 300 ഏക്കർ പാടശേഖരമായിരുന്നു എട‌യാറ്റുചാലിലേത്. ഇതിൽ 250 ഏക്കറോളം കൃഷി ഭൂമി ഏറ്റെടുത്ത് മതിയായ പശ്ചാത്തലമൊരുക്കി കൃഷിയിറക്കി. കൃഷി വകുപ്പുമായി സഹകരിച്ച് ആവശ്യമായ ട്രാക്ടറുകൾ, കൊയ്ത്തുമെഷീൻ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. അത്യാധുനിക ശേഷിയുള്ള മോട്ടോറുകളാണ് ഉപയോ​ഗിക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് പാടശേഖരത്തിൽ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തത്. ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇത്രയും വിശാലമായ പാടശേഖരത്തിൽ ഒരുമിച്ച് കൃഷി ഇറക്കുന്നത്. ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള മാതൃക നടപടി. പരിചയ സമ്പന്നരായ കുട്ടനാടൻ കൃഷിക്കാരുടെ മേൽനോട്ടത്തിലാണ് കൃഷി. വിളനിലം ഒരുക്കൽ മുതൽ കൊയ്ത്തുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ഇവരുടെ സേവനം ഏറെ ​ഗുണംചെയ്യും. ചാലിലെ തോടുകളിൽനിന്ന് ജലചക്രം (ചവിട്ടുചക്രം) ഉപയോ​ഗിച്ച് വെള്ളം ലഭ്യമാക്കിയിരുന്ന പാടശേഖരത്തിൽ, ഇന്ന് പത്തിലേറെ ഓയിൽ എൻജിനുകൾ ഉപയോ​ഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനും സംവിധാനമുണ്ട്. എട‌യാറ്റുചാൽ നെല്ലുൽപാദന സമിതിയാണ് കൃഷിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. എട‌‌യാർ, മുപ്പത്തടം, എരമം പ്രദേശങ്ങളിലായാണ് കൃഷിഭൂമികൾ സ്ഥിതി ചെ‌യ്യുന്നത്. എടയാറ്റുചാലിനോട് ചേർന്നുള്ള ഇറി​ഗേഷൻ തോടുകൾ, ലീക്കുതോടുകൾ എന്നിവ വീതിയും ആഴവും കൂട്ടി കയർ വസ്ത്രം ധരിപ്പിച്ച് സംരക്ഷിക്കുന്ന പ്രോജക്ടും കൃഷി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനായാൽ കാർഷികരം​ഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനാകും. എല്ലാ വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് കൃഷി വിജ‌യകരമാക്കാൻ സാധിച്ചതെന്ന് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് പറഞ്ഞു. കൃഷി ആരംഭിച്ചിട്ട് ഇപ്പോൾ രണ്ടരമാസം പൂർത്തിയായി. ഒരുമാസത്തിനകം വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പറയുന്നു. പി.കെ. നസീർ പടം ER Kathiraninje edayatuchal 1 തരിശായി കിടന്നിരുന്ന എടയാറ്റുചാൽ പാടശേഖരത്തിൽ നെൽ കൃഷി ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.