ബിഗ് ബെൻ ഹൗസിൽനിന്ന്​ മാറ്റിത്താമസിപ്പിച്ചവർ ചോദിക്കുന്നു ഈ ദുരിതത്തിന് എന്നാണ്​ അറുതി

മട്ടാഞ്ചേരി: കോമ്പാറമുക്ക് ബിഗ് ബെൻ ഹൗസ് കെട്ടിടത്തിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ ദുരിതം അധികാരികളുടെ നിസ്സംഗതമൂലം വിട്ടൊഴിയുന്നില്ല. നാലുമാസം മുമ്പാണ് ഇവർ താമസിച്ചിരുന്ന പൗരാണിക കെട്ടിടത്തി‍ൻെറ മതിലിന് വിള്ളൽ വീണതിനെ ത്തുടർന്ന് കുടുംബങ്ങളെ കൊച്ചി നഗരസഭയുടെ കീഴിലുള്ള മട്ടാഞ്ചേരി കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ബിഗ് ബെൻ ഹൗസ് നവീകരിച്ച് ബലപ്പെടുത്തി ഇവരെ ഇവിടെ പുനരധിവസിപ്പിക്കുമെന്ന് അന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ ഉറപ്പ് നൽകിയെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല. ഇതിനിടെ, ഇവിടത്തെ ഒരു താമസക്കാരൻ കഴിഞ്ഞയാഴ്ച മരണപ്പെടുകയും ചെയ്തു. ബിഗ്‌ബെൻ കെട്ടിടം വഖഫ് ബോർഡിനുകീഴി​ലെ ട്രസ്റ്റിന്‍റേതായതിനാൽ വഖഫ് ബോർഡി‍ൻെറ അനുവാദമുണ്ടെങ്കിലേ നവീകരണം നടക്കൂ. വഖഫ് അധികൃതർ ഇതിന് അനുമതി നൽകിയെങ്കിലും നഗരസഭ ഉൾപ്പെടെയുള്ളവർ തുടർനടപടി സ്വീകരിച്ചില്ലയെന്നാണ് പറയപ്പെടുന്നത്. പതിനഞ്ചോളം കുടുംബങ്ങളെയാണ് അന്ന് മാറ്റി താമസിപ്പിച്ചതെങ്കിലും കെട്ടിടത്തിന് സമീപത്തായി താമസിക്കുന്നവർ മടങ്ങി. എന്നാൽ, കെട്ടിടത്തിൽ താമസിച്ചിരുന്ന ആറോളം കുടുംബങ്ങൾ ഇപ്പോഴും കമ്യൂണിറ്റി ഹാളിൽ കഴിയുകയാണ്. നഗരസഭ നവീകരണ ജോലികൾക്കായി 19 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും സെക്രട്ടറിയുടെ അനുമതിയില്ലാത്തതിനാൽ നടന്നില്ലെന്ന് ഡിവിഷൻ കൗൺസിലർകൂടിയായ കെ.എ. മനാഫ് പറഞ്ഞു. മേയർ ഇതിനായി അനുവാദം നൽകിയെങ്കിലും വഖഫ് ഭൂമിയിൽ നഗരസഭ ഫണ്ട് വിനിയോഗിക്കുന്നതിൽ പ്രായോഗിക തടസ്സമുണ്ടെന്ന് സെക്രട്ടറി പറഞ്ഞതായി കൗൺസിലർ മനാഫ് വ്യക്തമാക്കി. കെട്ടിടനവീകരണം സി.എസ്.എം.എല്ലിനെ കൊണ്ട് ചെയ്യിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും പദ്ധതിയുടെ വിശദാംശങ്ങൾ സി.എസ്.എം.എൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു. ഇതിനിടെ, ബിഗ്ബെൻ കെട്ടിടം അടിയന്തരമായി നവീകരിച്ച് താമസക്കാരെ അങ്ങോട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് വിവിധ സംഘടനകൾ. ഇക്കാര്യം ഉന്നയിച്ച് സമരം തുടങ്ങുമെന്ന് എ.ഐ.വൈ.എഫ് കൊച്ചി മണ്ഡലം ഭാരവാഹികൾ വ്യക്തമാക്കി. കെട്ടിടനവീകരണം പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും എന്നാൽ നഗരസഭ ഇത് ഏറ്റെടുത്ത പശ്ചാത്തലത്തിൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മഹാത്മ സാംസ്കാരികവേദി ചെയർമാൻ ഷമീർ വളവത്ത് പറഞ്ഞു. അധികൃതർ നിസ്സംഗത തുടരുകയാണെങ്കിൽ ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും ഷമീർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.