അനധികൃത മണ്ണെടുപ്പ് തടയാൻ നടപടി സ്വീകരിക്കും: ജില്ല ഭരണകൂടം

കാക്കനാട്: മണ്ണെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം കലക്ടർ ജാഫർ മാലിക്. ജില്ലയിൽ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിന്​ പ്രത്യേക യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കുമെന്നും ഓൺലൈനായി ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ കലക്ടർ വ്യക്തമാക്കി. പിറവം മണ്ഡലത്തിൽ നിയമവിരുദ്ധ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ വ്യാപകമാണെന്ന്​ യോഗത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ആരോപിച്ചു. നഗരത്തിലെ അനധികൃത തെരുവോര കച്ചവടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. അനുവദിച്ചിരിക്കുന്ന സ്ഥലത്തെക്കാൾ കൂടുതൽ കൈയേറിയാണ് കടകൾ പ്രവർത്തിക്കുന്നുതെന്നും കാൽനടക്കാർക്ക് പലപ്പോഴും ഉപദ്രവമായി മാറുന്നതായും എം.എൽ.എ അഭിപ്രായപ്പെട്ടു. ചെല്ലാനത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്​ ഇടപെടലുണ്ടാകണമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. മാത്യു കുഴൽനാടൻ എം.എൽ.എയുടെ ആവശ്യത്തെ തുടർന്ന് മൂവാറ്റുപുഴ-തേനി റോഡിൽ പുറമ്പോക്കുഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന്​ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന്​ കലക്ടർ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലും സമീപ പ്രദേശങ്ങളിലും കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിലും വന്യമൃഗശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്​ ആന്റണി ജോൺ എം.എൽഎ ആവശ്യപ്പെട്ടു. യോഗത്തിൽ എം.എൽ.എമാരായ പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, കെ.ബാബു, എൽദോസ് കുന്നപ്പിള്ളി, ജില്ല പ്ലാനിങ്​ ഓഫിസർ അനിത ഏല്യാസ് എന്നിവരും പങ്കെടുത്തു. മയക്കുമരുന്ന് വിൽപന, നിരീക്ഷണം ശക്തമാക്കും കാക്കനാട്: എറണാകുളം മണ്ഡലത്തിൽ മയക്കുമരുന്നിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിൽപന തടയുന്നതിന്​ രാത്രികാല പട്രോളിങ്​ ശക്തമാക്കിയതായി ജില്ല വികസന സമിതി യോഗത്തിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. വിവിധ കോളനികൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്​, പാർക്കിങ്​ ഏരിയകൾ എന്നിവിടങ്ങളിലും രാത്രികാല നിരീക്ഷണം നടത്തും. മയക്കുമരുന്ന് വ്യാപനം തടയാനും കേസുകൾ കണ്ടെത്താനും പിടികൂടുന്നതിനുമായി നാർകോട്ടിക് സെല്ലിന്റെ കീഴിൽ ഒരു പൊലീസ് ഇൻസ്​പെക്ടറും 14 പൊലീസുകാരും ഉൾപ്പെട്ട വിഭാഗം പ്രവർത്തിച്ചു വരുന്നുണ്ട്. കൊച്ചി പൊലീസ് കമീഷണറേറ്റിന്റെ പരിധിയിൽ ലഹരി ഉപയോഗങ്ങൾക്കെതിരെ അഞ്ചിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത 27 സ്ഥലം രജിസ്റ്റർ ചെയ്ത് പ്രത്യേകം നിരീക്ഷിച്ചുവരുന്നതായി കൊച്ചി സിറ്റി പൊലീസും യോഗത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.