പെരുമ്പാവൂര്‍: ലഹരിയും സുഖവും തേടി കണ്ടന്തറ ഭായി കോളനിയിലെത്തുന്നവര്‍ക്ക് ഇനി അടികിട്ടുമെന്നുള്ള മുന്നറിയിപ്പ് ശ്രദ്ധേയമാകുന്നു. കഞ്ചാവ്, പെണ്ണ്, മരുന്ന് എന്നിവക്ക് ഇങ്ങോട്ടുവന്നാല്‍ ‘തല്ലു... തല്ലും... തല്ലും’ എന്നെഴുതി വെച്ചിരിക്കുന്ന ബോര്‍ഡുകളാണ് ഇതിനകം ശ്രദ്ധേയമായി മാറിയത്.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ‘ഭായി കോളനി’ കഞ്ചാവ്, ഹെറോയിന്‍, രാസലഹരി തുടങ്ങിയവ സുലഭമായി ലഭിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. പകല്‍പോലും ലഹരി ഉൽപന്നങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിവൃത്തികേടുകൊണ്ടാണ് നാട്ടുകാര്‍ മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്. ബോര്‍ഡ് സ്ഥാപിക്കുകയും ‘ലഹരിവിരുദ്ധ സമിതി’ എന്ന കൂട്ടായ്മ തുടങ്ങുകയും ചെയ്തതോടെ പൊലീസും എക്‌സൈസും കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് വെങ്ങോല പഞ്ചായത്ത് പരിധിയിലെ കണ്ടത്തറ ഭായ് കോളനി. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇവിടെ ലഹരി വ്യാപാരവും ലൈംഗികത്തൊഴിലും നടക്കുന്നത്.
അന്തര്‍ സംസ്ഥാനക്കാര്‍ മാത്രം താമസിക്കുന്ന കോളനിയാണിത്. ഇവര്‍ക്കായി ഇന്നാട്ടുകാര്‍ ഉള്‍പ്പടെ തുടങ്ങിയതാണ് ലഹരി കച്ചവടം. പിന്നീട് പല ജില്ലകളില്‍ നിന്നും ആളുകള്‍ എത്തുന്ന സാഹചര്യമായി. പൊലീസും എക്‌സൈസും ഇടക്കിടെ പേരിന് നടത്തുന്ന പരിശോധനകള്‍ ഒന്നിനും പരിഹാരമായില്ല.
സെപ്റ്റംബറില്‍ ഭായി കോളനിയിലെ വീട്ടില്‍നിന്ന് എക്‌സൈസ് 10 ലക്ഷം രൂപ വില വരുന്ന ഹെറോയിനും നോട്ട് എണ്ണുന്ന മെഷീനും 9.33 ലക്ഷം രൂപയുമായി ഒരു സ്ത്രീയെ പിടികൂടിയിരുന്നു. ഒരു പൊലീസുകാരന്റെ ബന്ധുവിന്റെ കെട്ടിടത്തില്‍നിന്ന് ഒമ്പതര കിലോ കഞ്ചാവ് പിടികൂടിയതും ശ്രദ്ധേയമായിരുന്നു. ഈ സംഭവത്തില്‍ പൊലീസുകാരന് ജാഗ്രത കുറവുണ്ടായതായി കണ്ടെത്തി അടുത്തിടെ എറണാകുളം റൂറല്‍ എസ്.പി സസ്‌പെൻഡ് ചെയ്തു.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതിനൊ തൊഴിലെടുക്കുന്നതിനൊ എതിരല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, വളര്‍ന്നുവരുന്ന യുവതയുടെ നാശത്തിന് വഴിവെക്കുന്ന സാമൂഹികതിന്മ ഇനിയും അനുവദിക്കില്ലെന്ന നിലപാടിലാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.