കാക്കനാട്: ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ് ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും സി.കെ. ജാനു. കേസിൽ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തു വരണമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി എന്ത് രേഖകൾ ഹാജരാക്കാനും ഏതു കോടതിയിൽ പോകാനും താൻ ഒരുക്കമാണെന്നും സി.കെ. ജാനു പറഞ്ഞു. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദ സാമ്പിൾ നൽകാൻ എത്തിയതായിരുന്നു അവർ. ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോട് എന്നിവരും വെള്ളിയാഴ്ച ശബ്ദ സാമ്പിളുകൾ നൽകി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ നൽകിയെന്നായിരുന്നു ജെ.ആർ.പി നേതാവ് പ്രസീതയുടെ ആരോപണം. ഇതു സംബന്ധിച്ച് ഫോൺ സംഭാഷണത്തിൻെറ ശബ്ദരേഖകളും പ്രസീത പുറത്തുവിട്ടിരുന്നു. ഇതിൻെറ ആധികാരികത പരിശോധിക്കുന്നതിനാണ് ജാനുവിനെയും പ്രശാന്തിനെയും വിളിച്ചു വരുത്തി ശബ്ദസാമ്പിൾ എടുത്തത്. ശബ്ദ സാമ്പിളുകളുടെ വെളിച്ചത്തിൽ തയാറാക്കിയ തിരക്കഥ ഇവരെക്കൊണ്ട് വായിപ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ശബ്ദ സാമ്പിൾ ശേഖരിച്ചത്. ബത്തേരി കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു ജാനുവും പ്രശാന്തും വെള്ളിയാഴ്ച സാമ്പിൾ നൽകാൻ എത്തിയത്. രാവിലെ 10 മണിയോടെ ഇരുവരും ഒന്നിച്ചായിരുന്നു കാക്കനാട്ടെ സ്റ്റുഡിയോയിൽ എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻെറയും പ്രസീതയുടെയും ശബ്ദ സാമ്പിളുകൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഏതാനും ശബ്ദ സന്ദേശങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതോടെ ഇതിൻെറ സാധുത കൂടി പരിശോധിക്കുന്നതിനാണ് പ്രസീതയെ രണ്ടാമതും വിളിച്ചു വരുത്തിയത്. ബത്തേരിയിലെ ഹോം സ്റ്റേയിൽ വെച്ച് പൂജ സാമഗ്രികൾ എന്ന വ്യാജേന പ്രശാന്ത് വഴിയാണ് 25 ലക്ഷം രൂപ ജാനുവിന് നൽകിയത് എന്നായിരുന്നു പ്രസീതയുടെ ആരോപണം. അതേസമയം ശബ്ദ സന്ദേശത്തിലെ കുറേ ഭാഗങ്ങൾ യഥാർഥമാണെന്നും സംഘടന കാര്യങ്ങൾ സംസാരിച്ചിരുന്നതായും സി.കെ. ജാനു പറഞ്ഞു. എന്നാൽ, മറ്റു കാര്യങ്ങൾ യാഥാർഥ്യമല്ലെന്നും അവർ പറഞ്ഞു. ഫോട്ടോ: Photo KKD CK Janu ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ അന്വേഷണത്തിൻെറ ഭാഗമായി ശബ്ദ സാമ്പിൾ നൽകാൻ സി.കെ. ജാനു കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.