മയക്കുമരുന്ന്​ വേട്ട: നൈജീരിയൻ സ്വദേശിനിയെ ഇന്ന്​ കൊച്ചിയിൽ എത്തിക്കും

നെടുമ്പാശ്ശേരി: മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ നൈജീരിയൻ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ചുള്ള വിവരം കസ്റ്റംസിന് ലഭിച്ചത്. തുടർന്ന്​ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ഹോട്ടലിലെത്തി ഇവരെ പിടികൂടുകയായിരുന്നു. 2.20 ലക്ഷം രൂപ ഇവരിൽനിന്ന്​ പിടിച്ചെടുത്തു. മയക്കുമരുന്നുമായി എത്തുമ്പോൾ പ്രതിഫലമായി മുരളീധരൻ നായർക്ക് കൈമാറാനുള്ള തുകയായിരുന്നു ഇത്. മുരളീധരൻ നായർ മയക്കുമരുന്നുമായി കൊച്ചിലെത്തിയെന്നും ഇവിടെനിന്ന്​ ഡൽഹിയിലേക്ക്​ തിരിക്കുകയാണെന്നുമുള്ള വിവരം നൈജീരിയൻ സ്വദേശിനിക്ക്​ കൈമാറിയിരുന്നു. യുകാമ ഇമ്മാനുവേല ഒമിഡുമിനെ കസ്റ്റംസ് ഡൽഹി കോടതിയിൽ ഹാജരാക്കി. കൊച്ചിയിൽനിന്ന്​ കസ്റ്റംസ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ഇവരെ ട്രാൻസിറ്റ് റിമാൻഡ് മുഖേന ചൊവ്വാഴ്ച കൊച്ചിയിലെത്തിക്കും. മുരളീധരൻ നായരെ തിങ്കളാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും. സിംബാബ്​വെയിൽനിന്ന്​ ദോഹ വഴി ഞായറാഴ്ച കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ പക്കൽനിന്നാണ് കോടികൾ വില വരുന്ന 18 കിലോ മെഥാക്വിനോൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയശേഷം എയർ ഏഷ്യ വിമാനത്തിൽ ഡൽഹിയിലേക്ക്​ പോകാൻ ശ്രമിക്കുമ്പോഴാണ് സിയാൽ സുരക്ഷ വിഭാഗം മുരളീധരൻ നായരെ പിടികൂടിയത്. ഇയാൾ നിരവധിതവണ യാത്ര ചെയ്തിട്ടുണ്ട്. ഇതിനു മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.