അസുഖബാധിതയായ കുഞ്ഞിനെ അർധരാത്രി ആശുപത്രിയിലെത്തിച്ച്​ എക്​സൈസ് ഉദ്യോഗസ്ഥർ

ചെങ്ങന്നൂർ: അസുഖബാധിതയായ മൂന്നു വയസ്സുകാരിയെ അർധരാത്രി ആശുപത്രിയിലെത്തിച്ച് ചെങ്ങന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥർ മാതൃകയായി. വ്യാഴാഴ്ച രാത്രി ഒരു മണിയോടെ, ചെങ്ങന്നൂർ സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ ജി. ഫെമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ആർ. ബിനോയി, പി. സജികുമാർ എന്നിവരടങ്ങിയ സ്ട്രൈക്കിങ്​ ഫോഴ്സ് മംഗലം -കുറ്റിക്കാട്ടുപടിയിൽനിന്ന്​ കല്ലിശ്ശേരിക്ക് പോകുമ്പോൾ റോഡരികിലെ വീട്ടിൽ ഒച്ചയും സഹായ അഭ്യർഥനയും കേട്ട് വാഹനം നിർത്തുകയായിരുന്നു. വാഹനം നിർത്തി വീട്ടിലേക്ക് കയറി കാര്യം അ​ന്വേഷിച്ചപ്പോൾ രോഗബാധിതയായ കുഞ്ഞ്​ ബോധരഹിതയായി മാതാവിന്‍റെ കൈയിലിരിക്കുന്നതാണ് കണ്ടത്. വാഹനമില്ലാതെ ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു കുടുംബം. തുടർന്ന്​ ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. എക്സൈസ് വാഹനത്തിൽ തന്നെ കുഞ്ഞിനെ തിരുവൻവണ്ടൂർ കല്ലിശ്ശേരിയിലെ ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും മനുഷ്യത്വപരമായ സമീപനവും മൂലം കുഞ്ഞിനെ രക്ഷിക്കാനായതിൽ നാനാഭാഗത്തുനിന്ന്​ അനുമോദന പ്രവാഹമാണ്. പടം Excise officers ..Binoy, femin,Sajikumar കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ചെങ്ങന്നൂരിലെ എക്സൈസ് ഉദ്യോഗസ്ഥരായ പി.ആർ. ബിനോയ്, ജി. ഫെമിൻ, പി. സജികുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.