അർത്തുങ്കലിൽ രണ്ട്​ വിദ്യാര്‍ഥികളെ കടലിൽ കാണാതായി

ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ചേർത്തല: അർത്തുങ്കൽ ഫിഷ്‌ലാന്‍ഡിങ് സെന്ററിന്​ സമീപം ആയിരംതൈയ്യില്‍കടലില്‍ കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാര്‍ഥികളെ കാണാതായി. ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാര്‍ഥികളില്‍ മൂന്നുപേരാണ് തിരയിൽപ്പെട്ടത്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡ് നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന്‍ ശ്രീഹരി(16), 12ാം വാര്‍ഡ് കൊച്ചുകരിയില്‍ കണ്ണന്റെയും അനിമോളുടെയും മകന്‍ വൈശാഖ്(16)എന്നിവരെയാണ് കാണാതായത്. കടല്‍ ശക്തമായതിനാല്‍ തിരച്ചില്‍ നടത്താനായിട്ടില്ല. അഗ്നിശമനസേനയും,തീരദേശപൊലീസും,പൊലീസ് സേനയും സജ്ജമായി തീരത്തുണ്ടെങ്കിലും കടലിലേക്കിറങ്ങാനായില്ല. തീരദേശപൊലീസ് ബോട്ടിറക്കിയെങ്കിലും കടലിലേക്കിറങ്ങിയുള്ള തിരച്ചിലിന്​ കഴിഞ്ഞില്ല. തീരത്തു പ്രത്യേക വൈദ്യുതിവിളക്കുകളും സംവിധാനങ്ങളും ഒരുക്കി രാത്രിയിലും സേനകള്‍ സജ്ജമായിട്ടുണ്ട്. മുങ്ങിത്താണ ഒരാളെ മത്സ്യത്തൊഴിലാളികള്‍ കയറെറിഞ്ഞു നല്‍കി രക്ഷപ്പെടുത്തി. കടക്കരപ്പള്ളിയിലെ സ്‌കൂളില്‍ പത്താംക്ലാസ്‌ കഴിഞ്ഞ്​ പ്ലസ് വണ്‍ പ്രവേശനം കാത്തുനില്‍ക്കുന്നവരാണ് വിദ്യാര്‍ഥികള്‍. വൈകീട്ട് അഞ്ചോടെയാണ് ആറംഗസംഘം തീരത്തെത്തിയതെന്നാണ് വിവരം. ഇതില്‍ മൂന്നുപേരാണ് കടലിലിറങ്ങിയത്. ഉടന്‍തന്നെ ഇവര്‍ തിരയില്‍പെടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ ഇവര്‍ സഹായത്തിന്​ കരഞ്ഞെങ്കിലും കരയിലുള്ളവര്‍ നിസ്സഹായരായി. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ എത്തി ഒരാളെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും രണ്ടുപേരും മുങ്ങിത്താണിരുന്നു. ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയന്റെ നേതൃത്വത്തില്‍ പൊലീസും കടക്കരപ്പള്ളിയിലെയും ചേര്‍ത്തല തെക്കിലെയും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി യൂനിയന്‍ നേതാക്കളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.