കോൺഗ്രസ് നവസങ്കൽപ് പദയാത്ര ഇന്ന് മുതൽ

കൊച്ചി: സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷിക ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന നവസങ്കൽപ് പദയാത്ര ചൊവ്വാഴ്ച മുതൽ 15വരെ നടക്കും. വർഗീയതയും ഫാഷിസവും തുടച്ചുനീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകർത്തെറിയുക, കേരളത്തെയും ഭാരതത്തെയും വീണ്ടെടുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പദയാത്ര. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് യാത്ര നയിക്കുന്നത്. വൈകീട്ട്​ മൂന്നിന്​ വൈപ്പിൻ സഹോദരൻ അയ്യപ്പൻ നഗറിൽനിന്ന് ആരംഭിക്കുന്ന പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറവൂരിൽ നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച വിളംബര ജാഥ നടന്നു. ക്വിറ്റ് ഇന്ത്യ ദിനത്തിൽ എല്ലാ ബൂത്തിലും കോൺഗ്രസ് പതാക ഉയർത്തും. 500 സ്ഥിരം അംഗങ്ങൾ ജാഥയിലുണ്ടാകും. ദിവസവും 15 കിലോമീറ്ററോളം ദൈർഘ്യമുള്ള പദയാത്ര 100 കിലോമീറ്റർ സഞ്ചരിക്കും. നേതാക്കളായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ, ഉമ്മൻ ‌ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം. ഹസ്സൻ തുടങ്ങിയവർ ജാഥയുടെ ഭാഗമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.