എൽദോസ്​ പോളിന് സർക്കാർ വീടൊരുക്കും

കോലഞ്ചേരി: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടി രാജ്യത്തിന്​ അഭിമാനാർഹമായ നേട്ടം കൈവരിച്ച എൽദോസ് പോളിന് പുതിയ വീടൊരുങ്ങും. വിജയാഹ്ലാദം പങ്കുവെക്കാൻ പാലക്കാമറ്റത്തെ വീട്ടിലെത്തിയ പി.വി. ശ്രീനിജിൻ എം.എൽ.എ കായിക മന്ത്രിയോട് പുതിയ വീട്​ നിർമിക്കണമെന്ന ആവശ്യം അറിയിച്ചു. ഇതു സംബന്ധിച്ച കത്ത് വകുപ്പിന് കൈമാറി. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. സൗകര്യങ്ങൾ തീരെ കുറഞ്ഞ വീട്ടിലാണ് എൽദോസിന്റെ അനുജനും പിതൃസഹോദരനും മുത്തശ്ശിയും താമസിക്കുന്നത്. ട്രിപ്പിൾ ജംപിൽ ആദ്യമായി വ്യക്തിഗത സ്വർണം നേടിയ എൽദോസ് മലയാളമണ്ണിന് അഭിമാനമായെന്നും നാല് വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട എൽദോസിന്റെ താങ്ങും തണലുമായി നിൽക്കുന്ന മുത്തശ്ശിയെ ഏറെ ആദരവോടെയാണ് കാണുന്നതെന്നും എം.എൽ.എ പറഞ്ഞു. അപ്രാപ്യമെന്ന് തോന്നുന്ന പല മേഖലകളിലും മുത്തശ്ശിയുടെ പിന്തുണയാണ് എൽദോസിനെ ഇന്നീ നിലയിൽ എത്തിച്ചത്. പഠനത്തിനുൾപ്പെടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളിൽ നല്ലൊരു വീട‌െന്ന സ്വപ്നം തൽക്കാലം മാറ്റിവെച്ചാണ് ചെറുമകനെ വളർത്തിയെടുത്തത്. അതുകൊണ്ടാണ് ചരിത്ര നേട്ടത്തിനൊപ്പം കുടുംബത്തിന് സഹായകരമാവുക എന്ന ലക്ഷ്യമാണ് പുതിയ വീട് നിർമിച്ച് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എൽ.എ പറഞ്ഞു ഫോട്ടോ അടിക്കുറിപ്പ്: പി.വി. ശ്രീനിജിൻ എം.എൽ.എ എൽദോസ്​ പോളിന്‍റെ മുത്തശ്ശിയെയും പിതാവിനെയും അനുമോദനം അറിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.