അനധികൃത കൊടിമരങ്ങൾ നീക്കാൻ സർക്കുലർ പുറപ്പെടുവിക്കണം -ഹൈകോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത്​ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട്​ സർക്കുലർ പുറപ്പെടുവിക്കണമെന്ന്​ സർക്കാറിനോട്​ ഹൈകോടതി. റോഡ്​ മധ്യത്തിൽപോലും കൊടിമരങ്ങൾ സ്ഥാപിക്കുകയാണ്​. രാഷ്ട്രീയ കക്ഷികളുടേതായതിനാൽ ബുദ്ധിമുട്ടുണ്ടായാലും ഭയം മൂലം പൊതുജനം പ്രതികരിക്കുന്നില്ല. ഇവ നീക്കാൻ അധികൃതരുടെ ഭാഗത്ത്​ നിന്ന്​ നീക്കമുണ്ടാകുന്നുമില്ല. തോന്നുന്നിടത്ത്​ എത്ര വേണമെങ്കിലും കൊടിമരങ്ങൾ സ്ഥാപിക്കാമെന്ന രീതിക്ക്​ അവസാനമുണ്ടായേ തീരൂ. ഭൂസംരക്ഷണമടക്കം നിയമങ്ങൾ ഉൾപ്പെടുത്തി വേണം സർക്കുലർ പുറപ്പെടുവിക്കാനെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. തുടർന്ന്,​ ഹരജി ആഗസ്റ്റ്​ 24ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി. മുൻ ഉത്തരവിനെത്തുടർന്ന്​ സർക്കാർ ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കുലർ സീനിയർ ഗവ. പ്ലീഡർ കോടതിയുടെ ശ്രദ്ധയിൽ​പെടുത്തി. പുതിയ സർക്കുലർ പ്രകാരം നടപ്പാതകളുടെ കൈവരികളിലോ മീഡിയനുകളിലോ ട്രാഫിക് ഐലൻഡുകളിലോ കൊടികളോ ബാനറുകളോ ബോർഡുകളോ സ്ഥാപിക്കാനാകില്ല. ഇങ്ങനെ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്​ നിർദേശം നൽകുന്നത്​ കൂടിയാണ്​ സർക്കുലർ. എന്നാൽ, സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങളെക്കുറിച്ച് സർക്കുലറിൽ പറയുന്നില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. പന്തളം മന്നം ആയുർവേദ കോ ഓപറേറ്റിവ് മെഡിക്കൽ കോളജ്​ കവാടത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം തേടി മന്നം ഷുഗർ മിൽ നൽകിയ ഹരജിയടക്കമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.