കളമശ്ശേരി ബസ്​ കത്തിക്കൽ കേസ്​: മൂന്ന്​ പ്രതികൾക്ക്​ കഠിനതടവ്​

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ മുഖ്യപ്രതി തടിയൻറവിട നസീർ അടക്കം മൂന്ന്​ പ്രതികളെ​ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി ഉമർ ഹാജി എന്ന തടിയൻറവിട നസീർ (46), അഞ്ചാം പ്രതി എറണാകുളം കുന്നത്തുനാട് പുതുക്കാടന്‍ വീട്ടില്‍ സാബിര്‍ പി. ബുഖാരി (43) എന്നിവർക്ക്​ ഏഴു​ വർഷം കഠിനതടവും ​ഏഴാം പ്രതി എറണാകുളം പറവൂര്‍ ചിറ്റാറ്റുകര മക്കനായി ഭാഗത്ത്​ താജുദ്ദീന്​ (46) ആറു വർഷം കഠിനതടവിനുമാണ്​ കോടതി ശിക്ഷിച്ചത്​. നസീറും സാബിർ പി. ബുഖാരിയും തടവുശിക്ഷക്ക്​ പുറമെ 1,75,000 രൂപ വീതവും താജുദ്ദീൻ 1,10,000 രൂപയും പിഴയടക്കണം. വിവിധ വകുപ്പുകളിലായി ഒന്നും അഞ്ചും പ്രതികൾ 39.5 വർഷവും താജുദ്ദീൻ​ വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവുമാണ്​ കോടതി ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച്​ യഥാക്രമം ഏഴും ആറും വർഷം വീതം അനുഭവിച്ചാൽ മതിയെന്നാണ്​ കോടതിയുടെ നിർദേശം. പ്രതികൾ മൂവരും വിചാരണക്ക്​ മു​മ്പേ കുറ്റം ഏറ്റെടുത്ത സാഹചര്യത്തിലാണ്​ കോടതി ശിക്ഷ വിധിയിലേക്ക്​ നീങ്ങിയത്​. 2005 സെപ്റ്റംബര്‍ ഒമ്പതിന് രാത്രി 8.30ഓടെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്​റ്റാൻഡിൽനിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്​നാട്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ ബസ് തട്ടിയെടുത്ത് കളമശ്ശേരി എച്ച്.എം.ടി കോളനിക്കടുത്ത പോപ്പ് മലക്ക് സമീപം കത്തിച്ചെന്നാണ് കേസ്. അന്ന്​ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ റിമാൻഡ്​ കാലാവധി നീളുന്നതിനെതിരെയുള്ള മുന്നറിയിപ്പായാണ് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി ബസ് കത്തിച്ചതെന്നാണ് എന്‍.ഐ.എ ആ​രോപിച്ചിരുന്നത്​. ഇന്ത്യന്‍ ശിക്ഷ നിയമം 120 (ബി) പ്രകാരം ഗൂഢാലോചന, 121 (രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍), 364 (തട്ടിക്കൊണ്ടുപോകല്‍), 323 (മുറിവേല്‍പിക്കല്‍), പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ നാലാം വകുപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 16, 18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ എൻ.ഐ.എ ചുമത്തിയത്​. ഒന്നാം പ്രതി ജയിലിൽ കിടന്ന 2010 ഏപ്രിൽ 23 മുതലുള്ള കാലയളവും അഞ്ചാം പ്രതി ജയിലിൽ കിടന്ന 2012 മാർച്ച്​ ആറു മുതലുള്ള കാലയളവും ഏഴാംഗ പ്രതി ജയിലിൽ കിടന്ന 2014 മാർച്ച്​ മുതലുള്ള കാലയളവും ശിക്ഷയിൽനിന്ന്​ ഇളവ്​ ചെയ്യാൻ കോടതി നിർദേശിച്ചിട്ടുണ്ട്​. നേരത്തേ കുറ്റം സമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനെ കോടതി ആറു​ വർഷം കഠിനതടവിന്​ ശിക്ഷിച്ചിരുന്നു. സൂഫിയ മഅ്​ദനി അടക്കമുള്ള പ്രതികളാണ്​ ഇനി വിചാരണ നേരിടാനുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.