നഗരത്തിൽ ദുരിതക്കെട്ട്... കനത്ത മഴയിൽ ​​കൊച്ചി വെള്ളത്തിൽ

കൊച്ചി: കനത്തമഴയിൽ കൊച്ചി നഗരം ഉൾപ്പെടെ ജില്ലയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിൽ. ഞായറാഴ്ച വൈകീട്ടോടെയാണ്​ മഴ ശക്തമായത്​. അർധ രാത്രിയിലും തിങ്കളാഴ്ച പുലർച്ചയും ഇടവേളയില്ലാതെ മഴപെയ്തു. കൊച്ചി നഗരത്തെയാണ്​ വെള്ളക്കെട്ട്​ രൂക്ഷമായി ബാധിച്ചത്​. അവധി കഴിഞ്ഞ്​ മറ്റ്​ ജില്ലകളിലേക്ക്​ പോകുന്നവരും മറ്റ്​ ജില്ലകളിൽനിന്ന് നഗരത്തിലേക്ക്​ വന്നവരും ലക്ഷ്യസ്ഥാനത്തെത്താൻ പ്രയാസപ്പെട്ടു​. മെട്രോയെ ആശ്രയിച്ചവരും ദുരിതത്തിലായി. പ്രധാന മെട്രോ സ്റ്റേഷനായ എം.ജി റോഡ്​ ​സ്റ്റേഷനിൽ ഇറങ്ങിയവർ ​അവിടെ കുടുങ്ങി. എം.ജി റോഡ്​, മേനക ജങ്ഷൻ, ഹൈകോടതി ജങ്ഷൻ എന്നിവിടങ്ങളിലും വെള്ളക്കെട്ട്​ രൂപപ്പെട്ടു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പോക്കറ്റ്​ റോഡുകളിൽ സ്ഥിതി വ്യത്യസ്തമല്ല. എറണാകുളം നോർത്തിൽനിന്ന്​ സൗത്തിലേക്കുള്ള അരങ്ങത്ത്​ ലെയ്​ൻ, വീക്ഷണം റോഡ്​ എന്നിവിടങ്ങളിൽ മുട്ടോളം വെള്ളമുയർന്നു. ചില റോഡുകൾ വ്യാപാരികൾ അടച്ചിട്ടു. രാവിലെ 11ഓടെയാണ് വെള്ളം ഇറങ്ങിയത്. മുല്ലശ്ശേരി കനാൽ റോഡ്​, കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​​ എന്നിവിടങ്ങളിൽ ഗാന്ധി റോഡ്​ അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ വെള്ളം പമ്പ്​ ചെയ്​ത്​ യാത്രയോഗ്യമാക്കി. പശ്ചിമകൊച്ചിയുടെ താഴ്ന്ന ഭാഗങ്ങളിൽ ദുരിതം തുടർന്നു. മട്ടാഞ്ചേരിയിൽ ആസ്​ട്രേലിയൻ വനിതക്ക്​​ വെള്ളക്കെട്ടിൽ വീണ്​ പരിക്കേറ്റു. മട്ടാഞ്ചേരി കരിപ്പാലം, രാമേശ്വരം കോളനി എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിലായി. നായരമ്പലം, എടവനക്കാട്​ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാക്കി. ജില്ലയിൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ ക്വാറിയിങ്​, മൈനിങ് പ്രവൃത്തികൾ നിരോധിച്ചു. നാലാം തീയതിവരെ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന്​ മൂവാറ്റുപുഴ കോർമലകുന്നിലെ അഞ്ച്​ കുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം നൽകി. മുമ്പ്​ അപകടം നടന്ന പ്രദേശമാണിത്​. അടിയന്തര സാഹചര്യം നേരിടാൻ ജില്ല ഭരണകൂടം സജ്ജമാണെന്നും കൺട്രോൾ റൂം തുറന്നതായും കലക്ടർ രേണുരാജ്​ അറിയിച്ചു. ജില്ലതല കൺട്രോൾ റൂം -ലാൻഡ് ഫോൺ -0484- 2423513, മൊബൈൽ -9400021077 താലൂക്കുതല കൺട്രോൾ റൂം നമ്പറുകൾ ആലുവ - 0484 2624052 കണയന്നൂർ -0484 -2360704 കൊച്ചി- 0484- 2215559, കോതമംഗലം - 0485- 2860468 കുന്നത്തുനാട് - 0484- 2522224 മൂവാറ്റുപുഴ - 0485- 2813773, പറവൂർ - 0484- 2972817

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.