വെള്ളാരംകുത്തിലെ മലവെള്ളപ്പാച്ചിൽ: റവന്യൂ, പഞ്ചായത്ത് അധികൃതർ സന്ദര്‍ശിച്ചു

കോതമംഗലം: താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ, പഞ്ചായത്ത് അധികൃതർ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകീട്ടാണ് പ്രദേശത്തേക്ക് വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപ്പാച്ചിലില്‍ ഊരിലെ ഒരു വീടിനകത്ത്​ വെള്ളം കയറി. അമ്പനാട്ട് ദേവകിയുടെ വീട്ടിലാണ് വെള്ളം കയറിയത്. ഗോപി, രാധ ചന്ദ്രൻ, മുത്തമ്മ അയ്യമ്പിള്ള എന്നിവരുടെ വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. ഇവരുടെ മഞ്ഞൾ, വാഴ തുടങ്ങി കൃഷികൾ നശിച്ചു. നിലവില്‍ പ്രദേശത്തുനിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയെന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതുവരെ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തഹസില്‍ദാര്‍ (ഇന്‍ ചാര്‍ജ്) ജെസി അഗസ്റ്റിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.എസ്. ശ്രീകുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘമാണ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയത്. മഴ കനക്കുമെന്ന അറിയിപ്പിനെ തുടർന്ന് ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറും ഉയർത്തി പെരിയാറിൽ ജലനിരപ്പ് ക്രമീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.