പോരാട്ട പ്രസ്ഥാനങ്ങളു​ടെ കൂട്ടായ്മയായി വെൽഫെയർ പാർട്ടി സമരസംഗമം

കൊച്ചി: സാമൂഹിക നീതിക്ക്​ ജനകീയ സമരസംഘടനകൾ സഹകരിക്കുമെന്നതിന്‍റെ​ പ്രഖ്യാപനവേദിയായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരസംഗമം. സംസ്​ഥാനത്തെ വിവിധ ജനകീയ സമരങ്ങളുടെയും സമരപ്രവർത്തകരുടെയും യോഗം സാമൂഹികനീതിക്കായി പോരാടുന്നവരുടെ സംഗമ വേദിയായി. നീതി​ക്കായുള്ള പോരാട്ടത്തിൽ ഐക്യപ്പെടാവുന്ന മനുഷ്യർക്കൊപ്പം കൈകോർക്കുന്നതിന്‍റെ രാഷ്ട്രീയമാണ്​ സംഗമം മുന്നോട്ട്​ വെച്ചത്​. കെ-റെയിൽ പോലെയുള്ള വിനാശകരമായ പദ്ധതികൾ നടപ്പായാൽ സംസ്ഥാനത്തിന്‍റെ ഭാവി കൂടുതൽ ഇരുളടഞ്ഞതാകുമെന്ന്​ നേതാക്കൾ പറഞ്ഞു. പ്ലാച്ചിമട, എൻഡോസൾഫാൻ, മൂലമ്പിള്ളി തുടങ്ങിയ സമരങ്ങളിലൂടെ പൊരുതി നേടിയ അവകാശങ്ങൾ പോലും ഭരണകൂടം തടഞ്ഞുവെച്ചിരിക്കുകയാണ്​. കോർപറേറ്റ് -ചങ്ങാത്ത മുതലാളിത്ത സർക്കാറാണ് കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് സമീപനങ്ങൾ ഒന്നുപോലെ പ്രതിലോമകരമാണെന്നും സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങൾ കോർപറേറ്റ്​ ചങ്ങാത്തകാലത്ത്​ ജനകീയ പ്രക്ഷോഭങ്ങളെ പൈശാചികവത്​കരിക്കുകയാണെന്ന്​ പരിപാടി ഉദ്​ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം പറഞ്ഞു. നാടിന്‍റെ നിലനിൽപ്പിനായുള്ള സമരങ്ങളിൽനിന്ന് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ പിൻമാറി. വികസനത്തിന്‍റെ ഇരകളായ ജനങ്ങളാണ്​ ഇപ്പോൾ കേരളത്തിന്‍റെ അതിജീവനത്തിനായി പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജീദ്​ ഖാലിദ്​ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമട സമരസമിതി നേതാവ്​ വിളയോടി വേണുഗോപാൽ, പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ജോൺ പെരുവന്താനം, ആണവ വിരുദ്ധ സമരത്തിന്‍റെ എൻ. സുബ്രഹ്മണ്യൻ, ദേശീയപാത സംരക്ഷണ സമിതിയുടെ ഹാഷിം ചേന്ദംപള്ളി, മുതലമട സംരക്ഷണ സമിതി നീലിപ്പാറ മാരിയപ്പൻ, ഗോവിന്ദപുരം സമരസമിതിയുടെ ശിവരാജ്, കരിമണൽ ഖനനവിരുദ്ധ സമിതിയുടെ സുരേഷ്​ കുമാർ, പുതുവൈപ്പ് സമരസമിതിയുടെ അജയ്ഘോഷ്, മറ്റ്​ സമരസമിതി നേതാക്കളായ ഐ. ഗോപിനാഥ്, തങ്കപ്പൻ മൂപ്പൻ, റാണി, പ്രേം ബാബു, മാരിയ അബു, ബിജു, നൗഷാദ് തെക്കുംപുറം, വിനീത ചോലയാർ, ബെന്നി കൊടിയാട്ട്, ഗീത ചേലക്കര, തോമസ് കുറിശ്ശേരി, വെൽഫെയർ പാർട്ടി സംസ്ഥാന അസി. സെക്രട്ടറി മിർസാദ്​ റഹ്​മാൻ, സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിവാസ് പറവൂർ എന്നിവർ സംസാരിച്ചു. EKG WFI - വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.