കെ.എം.എസ്.സി.എൽ കരാർ നടപടികൾ വൈകിപ്പിച്ചു: മെഡിക്കൽ കോളജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

ആലപ്പുഴ : ജില്ലയിലെ സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്​ പരിഹാരമില്ല. ഒരാഴ്ചക്കകം ക്ഷാമം പരിഹരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പായില്ല.​ മാത്രമല്ല ജീവൻരക്ഷ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമായില്ല. അർബുദത്തിന്‌ ഉപയോഗിക്കുന്നതടക്കം 500 ഓളം മരുന്നുകളുടെ ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്​. മഴക്കാലത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ പിടിപെട്ട് ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിക്കുമ്പോഴാണ് മരുന്നുക്ഷാമം​. രോഗികൾക്ക്​ സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതിയാണ്. സാമ്പത്തികവർഷം ഇതുവരെ പേവിഷ പ്രതിരോധത്തിനുൾപ്പെടെ 30 ഇനം മരുന്നുകൾ മാത്രമാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ജില്ലക്ക്​ നൽകിയത്. കഴിഞ്ഞദിവസം ഏതാനും ചിലത്​ കൂടി നൽകി. അടുത്തയാഴ്ച 15 വിഭാഗത്തിൽപ്പെട്ടവ കൂടി നൽകുമെന്നാണ്​ അറിയിച്ചിട്ടുള്ളത്. ഇതുകൂടിയാലും ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ള മരുന്നിന്റെ കാൽഭാഗംപോലുമാകില്ല. നിലവിൽ സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികൾക്ക്​ പുറത്തേക്ക്​ മരുന്ന്​ കുറിച്ചു നൽകുകയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ബാക്കിയായ മരുന്നും ഈ സാമ്പത്തികവർഷം ലഭിച്ച ഏതാനും ഇനവും മാത്രമാണ് ആശുപത്രികളിലുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിലുൾപ്പെടെയാണ്​ മരുന്നുക്ഷാമം. ഏപ്രിൽ തുടക്കത്തിൽ ലഭിക്കേണ്ട മരുന്നുകളാണ് മൂന്ന്​ മാസമാകുമ്പോഴും കിട്ടാത്തത്. കെ.എം.എസ്.സി.എൽ കരാർ നടപടികൾ വൈകിപ്പിച്ചതാണ്​ പ്രതിസന്ധിക്കുകാരണം. ആലപ്പുഴ മെഡിക്കൽ കോളജിൽ പേവിഷബാധ പ്രതിരോധ മരുന്ന്​ എത്തിയതാണ്​ ഏക ആശ്വാസം. ഈ വിഭാഗത്തിൽ ദിവസേന 40 മുതൽ 60 പേർ വരെ എത്താറുണ്ട് മെഡിക്കൽ കോളജിൽ. ജില്ല ആശുപ​ത്രികളിലും താലൂക്ക്​ ആശുപത്രികളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പാരസറ്റമോൾ അടക്കം മരുന്നുകൾക്കാണ്​ ക്ഷാമം. അടുത്തിടെ കിട്ടിയ മരുന്നുകൾ ഇവ മാത്രം​: അസിത്രോമൈസിൻ, അസിക്ലോഫെനാക്, ഡൈക്ലോഫെനാക്, പാന്റാപ്രസോൾ, സിട്രിസിൻ, ഡെറിഫിലിൻ (ഗുളികകൾ). അമോക്സിലിൻ 250, അമോക്സിലിൻ 500, ആംപിസിലിൻ (കാപ്സ്യൂളുകൾ). അമോക്സ് ക്ലാവ്, സെഫോപ്രസോൺ സാൽബക്ടം (ഇൻജക്‌ഷനുകൾ) ബെറ്റാമെത്തസോൺ (ഓയിൻമെന്റ്). ജീവിതശൈലീരോഗികൾക്കുള്ള മരുന്നുകളും ഭാഗികമായി കിട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.