ചേർത്തല-അരൂക്കുറ്റി റോഡിൽ യാത്രക്ലേശം രൂക്ഷം

പൂച്ചാക്കൽ: കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കാത്തത്‌ ചേർത്തല-അരൂക്കുറ്റി റോഡിൽ യാത്രക്ലേശം രൂക്ഷമാക്കുന്നു. നിർത്തിവെച്ച 60ഓളം സർവിസുകളിൽ ഒന്നോ രണ്ടോ മാത്രമാണ് പുനഃസ്ഥാപിച്ചത്. യൂത്ത് കോൺഗ്രസും സി.പി.ഐയും വെൽഫെയർ പാർട്ടിയും ഇതിനെതിരെ ഡിപ്പോ ഉപരോധം ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. സി.പി.എം ഏരിയ കമ്മിറ്റിയും പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. യാത്രക്ലേശത്തിന് പരിഹാരമായില്ലെങ്കിൽ ജനങ്ങളുടെ സമരത്തിൽ മുന്നിലുണ്ടാകുമെന്ന് അരൂർ എം.എൽ.എ ദലീമ ജോജോയും തൈക്കാട്ടുശ്ശേരി ബ്ലോക്ക്​ പ്രസിഡന്റ് പി.എം. പ്രമോദും വ്യക്തമാക്കി. ലാഭകരമായ സർവിസ് മാത്രം നിലനിർത്തുകയും അല്ലാത്തവയിൽ സർവിസ് ഉപേക്ഷിച്ചും പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കാൻ ആർ.ടി.ഒയോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് പെരുവഴിയിലാകുന്നത്​. കോവിഡിന് മുമ്പ് ചേർത്തല ഡിപ്പോയിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമായി അരൂക്കുറ്റിവഴി വടക്കൻ മേഖലയിലേക്കും അരൂക്കുറ്റി വഴി ചേർത്തല മുതലുള്ള തെക്ക് ഭാഗത്തേക്കും അറുപതോളം സർവിസുകളാണ് നടത്തിയിരുന്നത്. ചേർത്തലയിൽനിന്ന് അരൂക്കുറ്റി വഴിയുള്ള നിലമ്പൂർ ബസും രണ്ട് ഹൈകോർട്ട് ബസും മാത്രമാണ് പുനഃസ്ഥാപിച്ചത്. അരൂക്കുറ്റിയിൽനിന്ന് രാവിലെ പുറപ്പെടുന്ന കോട്ടയം ബസും പതിറ്റാണ്ടുകളായി സർവിസ് നടത്തിയിരുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റും പുനഃസ്ഥാപിക്കാത്തതിനാൽ മെഡിക്കൽ കോളജിലേക്കും തിരുവനന്തപുരം ആർ.സി.സിയിലേക്കും പോകേണ്ട രോഗികൾ ഉൾപ്പെടെ വലയുകയാണ്. ആലുവ, കളമശ്ശേരി, കാക്കനാട്, തോപ്പുംപടി, ചേർത്തല റെയിൽവേ സ്റ്റേഷൻ, ആലപ്പുഴ എന്നിവിടങ്ങളിലേക്കുള്ള സർവിസ് പുനഃസ്ഥാപിക്കാത്തതും ദുരിതം ഇരട്ടിയാക്കി. വെട്ടിക്കുറച്ച ഷെഡ്യൂളുകൾ കെ.എസ്.ആർ.ടി.സി അധികൃതർ ഉടൻ പുനഃസ്ഥാപിക്കണമെന്നും പ്രൈവറ്റ് ബസുകൾ പാതിവഴിയിലെ സർവിസ് മുടക്കുന്നതിനെതിരെ ആർ.ടി.ഒ നടപടി സ്വീകരിക്കണമെന്നും സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി കെ. രാജപ്പൻ നായർ പറഞ്ഞു. ............... വേഗ 120ഉം പുനരാരംഭിച്ചിട്ടില്ല പൂച്ചാക്കൽ: വൈക്കം-എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന അതിവേഗ ബോട്ട് സർവിസായ വേഗ120ഉം കോവിഡ് പ്രതിസന്ധിക്ക് ശേഷം പുനരാരംഭിക്കാത്തതും യാത്രക്ലേശം രൂക്ഷമാക്കുന്നു. വൈക്കത്തുനിന്ന് പെരുമ്പളം, പാണാവള്ളി, തേവര വഴി എറണാകുളം ജെട്ടിവരെ സർവിസ് നടത്തിക്കൊണ്ടിരുന്ന വേഗ 120 എല്ലാ വിഭാഗം ജനങ്ങൾക്കും സൗകര്യപ്രദമായിരുന്നു. രാവിലെ 7.30ന് സർവിസ് ആരംഭിച്ച് 9.30ന് മുമ്പ് തന്നെ എറണാകുളത്ത് എത്തിച്ചേരുന്നതുകൊണ്ട് ധാരാളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാധാരണ ബോട്ടുകൾ മണിക്കൂറിൽ 13-14 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ വേഗ 25 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. ബസിലേതിനെക്കാൾ മൂന്നിരട്ടി ആളുകൾക്ക് ഒരേസമയം യാത്ര ചെയ്യാനും കഴിഞ്ഞിരുന്നു. ഇതും നിലച്ചതോടെ വലിയ ദുരിതത്തിലായിരിക്കുകയാണ് സാധാരണ യാത്രക്കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.