'വ്യാപാര്‍' മേളക്ക്​ തുടക്കം; സംസ്ഥാനത്ത്​ ഒരുലക്ഷത്തിൽ കൂടുതൽ സംരംഭങ്ങൾ ലക്ഷ്യം -മന്ത്രി പി. രാജീവ്

കൊച്ചി: ഒരുലക്ഷത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്​ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംരംഭക വർഷമായാണ് ഈ വർഷം ആചരിക്കുന്നത്. മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംസ്ഥാന വാണിജ്യ - വ്യവസായ മേള 'വ്യാപാര്‍ 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ ആർക്കും 50 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായം മൂന്നുവർഷം വരെ ലൈസൻസ് ഇല്ലാതെ ആരംഭിക്കാൻ സാധിക്കും. 50 കോടി രൂപക്ക്​ മുകളിലുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാൻ സംവിധാനവുമുണ്ട്. അപേക്ഷകർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ ഓൺലൈനായി പരാതിപ്പെടാം. 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം അറിയിക്കണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ 250 മുതൽ 10,000 രൂപ വരെ പിഴ നൽകേണ്ടിവരും. കാക്കനാട്ട്​ സ്ഥിരം എക്സിബിഷൻ കൺവെൻഷൻ സെന്റർ വരുന്നതോടെ ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ എല്ലാ വർഷവും സംഘടിപ്പിക്കും. സ്ഥിരം എക്സിബിഷൻ കൺവെൻഷൻ സെന്‍റർ 2023 ഒക്ടോബറിൽ പൂർത്തിയാക്കും. സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സിസ്റ്റമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ ഇന്ത്യയിലെ നഗരമായി കൊച്ചിയെ തിരഞ്ഞെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. 'വ്യാപാർ 2022' ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാർ അധ്യക്ഷത വഹിച്ചു. വാണിജ്യ - വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിന്‍ഫ്ര മാനേജിങ്​ ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ്​​ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ദീപക് എല്‍. അശ്വിനി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സി.ഇ.ഒ എസ്. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.