പണ്ടാരച്ചിറതോടിന്‍റെ നവീകരണത്തിന്​ പദ്ധതിയുമായി ഐ.സി.എല്‍.ഇ.ഐ

കൊച്ചി: പശ്ചിമകൊച്ചിയുടെ കനാലുകളുടെ പുനരുജ്ജീവനത്തിന്​ തുടക്കമിട്ട്​ പണ്ടാരച്ചിറതോടിന്‍റെ നവീകരണത്തിന്​ സാധ്യത തെളിയുന്നു. അന്തര്‍ദേശീയ സംഘടനയായ ഐ.സി.എല്‍.ഇ.ഐയുടെ പഠനത്തിന്​ ശേഷമാണ്​ പണ്ടാരച്ചിറ തോടിന്‍റെ നവീകരണം പ്രായോഗികമാകുമെന്ന്​ കൗൺസിലിന്​ മുന്നിൽ അവതരിപ്പിച്ചത്​. പണ്ടാരച്ചിറ തോടില്‍ മാതൃക പുനരുജ്ജീവന പദ്ധതി വിജയിപ്പിച്ചതിന് ശേഷം പശ്ചിമ കൊച്ചിയിലെ എല്ലാ തോടുകളും ശുചീകരിക്കുകയാണ്​ ലക്ഷ്യമെന്ന്​ മേയർ എം. അനിൽകുമാർ പറഞ്ഞു. പശ്ചിമകൊച്ചിയിലെ കനാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ഒട്ടേറെ നടപടികൾ കൗണ്‍സിൽ എടുത്തിട്ടുണ്ട്​. എറണാകുളം നഗരത്തില്‍ പുനരുജ്ജീവന പദ്ധതിയുമായി കെ.എം.ആര്‍.എല്‍ മുന്നോട്ട് പോകുകയാണ്. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട രാമേശ്വരം മാന്ത്ര കനാല്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും 10 കോടി രൂപ നീക്കി വെച്ച് ഈ കനാലിന്‍റെ പുനരുജ്ജീവനത്തിനും നഗരസഭ നടപടി തുടങ്ങി. ഇതോടൊപ്പം രാമേശ്വരം കനാലും പണ്ടാരച്ചിറ തോടും പള്ളിച്ചാല്‍ തോടുമെല്ലാം ചെളി നീക്കി ശുചീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു ശാസ്ത്രീയമായ സ്വീവേജ് സംവിധാനവും മാലിന്യ സംസ്കരണ പദ്ധതിയും പാലങ്ങളുടെ പുനര്‍ നിര്‍മാണവുമെല്ലാം വേണ്ടി വരും. പദ്ധതിക്ക്​ ആവശ്യമായ ഫണ്ട് ഇല്ലാത്തത് പ്രതിബന്ധമാണ്. തുടർന്നാണ്​ ഐ.സി.എല്‍.ഇ.ഐയുടെ സഹകരണം തേടിയത്​. പണ്ടാരച്ചിറ തോടിന്‍റെ നവീകരണത്തിന്​ ഫണ്ട്​ ഫണ്ട് സ്വിസ് ആര്‍.ഇ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ മറ്റ് ധനകാര്യ ഏജന്‍സികളില്‍ നിന്നും സമാഹരിക്കുന്നതിനാണ് ഐ.സി.എല്‍.ഇ.ഐ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയും ഇതിന്​ ലഭിച്ചിട്ടുണ്ട്. കൗണ്‍സിലില്‍ നടന്ന പദ്ധതി അവതരണത്തില്‍ ഐ.സി.എല്‍.ഇ.ഐ യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഇമാനി കുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.