സംഘ്​പരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി -വി.ഡി. സതീശൻ

​കൊച്ചി: സംഘ്​പരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന്​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് വരുത്തിയത് മുഖ്യമന്ത്രിയാണ്. സി.പി.എം -സംഘ്​പരിവാർ ഗൂഢാലോചനയില്‍ തെരഞ്ഞെടുപ്പിന് മുമ്പ്​ ആ അന്വേഷണം അട്ടിമറിച്ചു. നേരത്തേ രണ്ട് ഗുരുതരമായ ആരോപണങ്ങള്‍ പിണറായിക്കെതിരെ ഉണ്ടായിട്ടും എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ അനങ്ങിയില്ല. ഇപ്പോള്‍ അതി ഗുരുതര ആരോപണമുണ്ടായി ഇത്ര ദിവസമായിട്ടും ഇ.ഡി ഒരു നടപടിയും എടുത്തിട്ടില്ല. ബി.ജെ.പിയുമായി ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ ധാരണയാണ് കാരണം. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ പിണറായിയുടെ ദുര്‍ഭരണത്തിന് ബി.ജെ.പി കുടപിടിക്കുകയാണ്. നാഷനൽ ​ഹെറാൾഡ്​ കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളത്തെ ഇ.ഡി ഓഫിസിലേക്ക്​ നടത്തിയ മാർച്ച്​ ഉദ്​ഘാടനം ​ചെയ്യുകയായിരുന്നു അ​ദ്ദേഹം. ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിക്ക് എതിരായി നിലപാടെടുക്കുന്ന നേതാക്കള്‍ക്കെതിരെയെല്ലാം കേന്ദ്ര ഏജന്‍സികളെക്കൊണ്ട് കേസെടുപ്പിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെയൊന്നും വിശ്വാസമില്ലാത്തത് കൊണ്ടാണ് സ്വര്‍ണക്കടത്ത് പ്രതിയുടെ വെളിപ്പെടുത്തല്‍ ഹൈകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഇ.ഡി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, റോജി എം. ജോൺ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ്, പഴകുളം മധു, ദീപ്തി മേരി വർഗീസ്, കെ.പി.സി.സി ഭാരവാഹികളായ ജയ്സൺ ജോസഫ്, എം.എം. നസീർ, ജോസഫ് വാഴയ്ക്കൻ, ജോസ് വള്ളൂർ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ നേതൃത്വം നൽകി. സി.പി.എം ഗുണ്ടകൾ പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കും കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയാല്‍ കാല്‍ തല്ലിയൊടിക്കുമെന്നാണ് പൊലീസും സി.പി.എം ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. അങ്ങനെയെങ്കില്‍ ഒരുപാട് പേരുടെ കാലും നട്ടെല്ലും ഒടിക്കേണ്ടി വരും. ഗുണ്ടകളുടെ ആക്രമണത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നത് അതിക്രമമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിച്ചത് പൊലീസിന് ഭൂഷണമല്ല. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടിവരുമെന്നും പ്രവര്‍ത്തകരെ തെരുവ് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്നും സതീശൻ മാധ്യമങ്ങളോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.