കോരൻകടവ് പാലം അപ്രോച് റോഡിന് അനുമതി

കോലഞ്ചേരി: കോരൻകടവ് പാലത്തിന്റെ അപ്രോച് റോഡ് നിർമാണത്തിന് അനുമതിയായി. പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്​ കടക്കുമ്പോൾ അപ്രോച് റോഡിനായി സ്ഥലമേറ്റെടുക്കുന്ന കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. ഐക്കരനാ‌ട് തെക്ക് വില്ലേജിൽ വരുന്ന 8.95 ആർ സ്ഥലം റോഡ് നിർമാണത്തിന് ഉപയോഗിക്കാനാണ് അനുമതി. നെൽകൃഷി ചെയ്യുന്ന മേഖല ആയതിനാൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ കൽവർട്ടുകൾ നിർമിക്കും. സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇതു സംബന്ധിച്ച് കലക്ടർ ജാഫർ മാലിക് പി.വി. ശ്രീനിജിൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഭൂവുടമകളുമായി ചർച്ച നടത്തിയിരുന്നു. കുന്നത്തുനാട് പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്. 2010ൽ അന്നത്തെ എം.എൽ.എ ആയിരുന്ന എം.എം. മോനായിയുടെ ശ്രമഫലമായാണ് പാലം നിർമാണം ആരംഭിച്ചത്. അഞ്ച് തൂണുകളുടെ നിർമാണം പൂർത്തിയാക്കിയശേഷം അപ്രോച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമാണം നിർത്തിവെച്ചു. പാലത്തിനുവേണ്ട ഏഴ് തൂണുകളിൽ അഞ്ചെണ്ണത്തിന്‍റെയും നിർമാണം പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. 2020ൽ പാലത്തിന് 14.3 കോടിയുടെ ഭരണാനുമതി നൽകിയതോടെയാണ് നിർമാണം പുനരാരംഭിച്ചത്. അന്നുണ്ടായിരുന്ന കരാറുകാരനെ മാറ്റി മറ്റൊരാൾക്ക് ജോലി ടെൻഡർചെയ്ത് നൽകുകയായിരുന്നു. പൂതൃക്ക, രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുഴക്ക്​ കുറുകെ 125 മീറ്ററിലാണ് പാലം. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശവും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലം യാഥാർഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽനിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.